മോസ്‌കോ: ട്രാന്‍സ്ജന്‍ഡര്‍ സൗഹൃദ രാജ്യങ്ങളിലേക്ക് റഷ്യന്‍ കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നത് നിരോധിക്കുന്ന ബില്‍ അംഗീകരിച്ച് റഷ്യ. സ്റ്റേറ്റ് ഡ്യൂമയിലെ 450ല്‍ 411 എം.പിമാരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
ഒരു എം.പി പോലും ട്രാന്‍സ്ജന്‍ഡര്‍ സൗഹൃദ രാജ്യങ്ങളിലേക്ക് ദത്ത് നല്‍കുന്നത് തടയുന്ന തീരുമാനത്തിനെതിരെ വോട്ട് ചെയ്തില്ല. എന്നാല്‍ 39 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് ബില്‍ അംഗീകരിച്ചതെന്ന് ഡ്യൂമ സ്പീക്കര്‍ വ്യാസെസ് ലാവ് വോലോഡ് പറഞ്ഞു. കുട്ടികള്‍ക്ക് നേരെ ഉണ്ടാകാനിടയുള്ള കടന്നുകയറ്റം ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും വോലോഡ് പ്രതികരിച്ചു.
2024 ജൂലൈയില്‍ വോലോഡിന്റെ നേതൃത്വത്തിലാണ് ട്രാന്‍സ്ജന്‍ഡര്‍ സൗഹൃദ രാജ്യങ്ങളിലേക്ക് ദത്ത് നല്‍കുന്നതിനെ എതിര്‍ത്തുള്ള നിയമം സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്റ്റേറ്റ് ഡ്യൂമ പാസാക്കിയ നിയമം പാര്‍ലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളു.
ഉപരിസഭയുടെ അംഗീകാരം ലഭിച്ചാല്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ബില്‍ ഒപ്പുവെക്കുകയും നിയമം രാജ്യത്ത് നടപ്പിലാക്കുകയും ചെയ്യും. ശസ്ത്രക്രിയയിലൂടെയോ രാസ പ്യൂബര്‍ട്ടി ബ്ലോക്കര്‍ പ്രയോഗത്തിലൂടെയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ ലിംഗമാറ്റം അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് റഷ്യന്‍ കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നത് നിരോധിക്കുക എന്നതാണ് ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.
2013ല്‍ കുട്ടികളെ ദത്തെടുക്കുന്നതില്‍ നിന്ന് സ്വവര്‍ഗ ദമ്പതികളെ റഷ്യ വിലക്കിയിരുന്നു. 2023ല്‍ ലിംഗമാറ്റത്തിന് പുടിന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പല രാജ്യങ്ങളിലെയും പൗരന്മാരെ റഷ്യന്‍ കുട്ടികളെ ദത്തെടുക്കുന്നതില്‍ നിന്ന് പുടിന്‍ സര്‍ക്കാര്‍ ഇതിനോടകം നിരോധിച്ചിട്ടുണ്ട്.
രാജ്യത്തിന് പുറമേയ്ക്ക് കുട്ടികളെ ദത്ത് നല്‍കുന്നത് നിരോധിക്കണമെന്ന് റഷ്യന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നീക്കം.
റഷ്യ പറയുന്നത് പ്രകാരം, പത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയമപരമായ ലിംഗമാറ്റത്തിന് പ്രായപരിധിയില്ല. ഓസ്ട്രിയ, എസ്റ്റോണിയ, ജര്‍മനി, ഐസ്ലാന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ങ്, മാള്‍ട്ട, നോര്‍വേ, സ്ലോവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഈ പത്ത് രാജ്യങ്ങള്‍.
അതേസമയം സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ യഥാക്രമം 12 16 വയസ് മുതല്‍ ലിംഗമാറ്റത്തിന് അനുമതി നല്‍കുന്നുണ്ട്. റഷ്യയുടെ പുതിയ ദത്തെടുക്കല്‍ നിയമം നടപ്പിലായാല്‍ റഷ്യന്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതില്‍ ഈ രാജ്യങ്ങള്‍ വിലക്കപ്പെടും.
Content Highlight: Russia approves bill banning adoption of babies to transgender-friendly countries