ഉക്രൈന്‍ തലസ്ഥാനമായ കീവ് അടക്കം നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
World News
ഉക്രൈന്‍ തലസ്ഥാനമായ കീവ് അടക്കം നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 1:32 pm

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവിന് പുറമെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നിവിടങ്ങളിലും വെടിനിര്‍ത്തല്‍ ബാധകമായിരിക്കും.

ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് തീരുമാനം.

റഷ്യയുടെ പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാനുഷിക ഇടനാഴികള്‍ (humanitarian corridors) അനുവദിക്കുന്നതിന് വേണ്ടിയാണ് തീരുമാനം.

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും റഷ്യ അറിയിച്ചു.

ഇന്ത്യന്‍ സമയം 12:30നായിരിക്കും വെടിനിര്‍ത്തല്‍ നിലവില്‍ വരിക.

ഇതോടെ ഈ നാല് നഗരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തികളും മറ്റ രക്ഷാപ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ഇതര രാജ്യങ്ങളും അവരുടെ പൗരന്മാരെ ഈ നഗരങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയിലാക്കാന്‍ ഇടപെടുന്നുണ്ട്.

കഴിഞ്ഞ ദിവസം മരിയോപോളിലും ഇതുപോലെ വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനകം തന്നെ റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കുന്നത് പൂര്‍ണമാക്കാന്‍ സാധിച്ചില്ലെന്നും ഉക്രൈന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.


Content Highlight: Russia announces ceasefire in Ukraine for evacuations in Kyiv, Kharkiv, Mariupol, Sumy