| Tuesday, 18th September 2018, 8:22 am

സിറിയയിലെ ഇദ്‌ലിബ് നഗരത്തെ ബഫര്‍ സോണായി പ്രഖ്യാപിക്കും: നീക്കം റഷ്യയും തുര്‍ക്കിയും സംയുക്തമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇദ്‌ലിബ്: സിറിയയില്‍ സമാധാനം സ്ഥാപിക്കാനുള്ള നീക്കവുമായി റഷ്യയും തുര്‍ക്കിയും. സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ യുദ്ധം നടക്കുന്ന ഇദ്‌ലിബ് നഗരത്തെ ബഫര്‍ സോണായി പ്രഖ്യാപിക്കും.

റഷ്യയിലെ സോച്ചിയില്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രഖ്യാപനം. ഒക്ടോബര്‍ 15ന് ധാരണ നിലവില്‍ വരും.


ധാരണയനുസരിച്ച് നഗരത്തില്‍ നിന്ന് 15 മുതല്‍ 25 വരെയുള്ള ദൂര പരിധിയില്‍ നിന്ന് വിമതരും സര്‍ക്കാരും സൈനികരെ പിന്‍വലിക്കും. ഒക്ടോബര്‍ 10നകം മിസൈലുകളും ടാങ്കറുകളും അടക്കം എല്ലാ പടക്കോപ്പുകളും മേഖലയില്‍ നിന്ന് നീക്കം ചെയ്യണം.

ഇദ്‌ലിബ് ആസ്ഥാനമാക്കിയ അല്‍ നുസ്‌റ അടക്കമുള്ള ഭീകര സംഘടനകള്‍ ഇദ്‌ലിബ് വിടണമെന്നാണ് വ്യവസ്ഥ. സേനയും വിമതരും പിന്‍മാറിയാല്‍ ഇദ്‌ലിബ് നഗരത്തിന്റെ നിയന്ത്രണം റഷ്യയും തുര്‍ക്കിയും സംയുക്തമായി ഏറ്റെടുക്കും.

തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസേനയുടെ നിയന്ത്രണത്തിലുള്ള അവസാന പ്രവിശ്യയാണ് ഇദ്‌ലിബ്. വിമതരുടെ അവസാന തുരുത്ത് പിടിച്ചെടുക്കാനുള്ള സായുധ നീക്കം മഹാദുരന്തമായിത്തീരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.


അതിന് പിന്നാലെയാണ് ഇരുപക്ഷത്തിനും സ്വീകാര്യമായ ഒത്തുതീര്‍പ്പ് ഉരുത്തിരിഞ്ഞത്. പക്ഷേ ഇദ്‌ലിബിലെ വിമതസംഘടനകളെക്കുറിച്ച് കരാറില്‍ ഒന്നും പറയുന്നില്ല. ഇപ്പോഴത്തെ ധാരണ നയതന്ത്ര നീക്കങ്ങള്‍ക്ക് സമയം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍.

We use cookies to give you the best possible experience. Learn more