| Monday, 18th April 2022, 11:41 am

ഉക്രൈന്‍ വിഷയം പൊക്കിപ്പിടിക്കുന്നത് ഫലസ്തീന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; ഇസ്രഈലിനെതിരെ റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഇസ്രഈലിനെതിരെ കടുത്ത വിമര്‍ശനവുമായി റഷ്യ.

ഇസ്രഈലിന്റെ ‘റഷ്യാ വിരുദ്ധ’ നിലപാടുകളെ വിമര്‍ശിച്ച റഷ്യ, ഫലസ്തീന്‍ വിഷയത്തില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇസ്രഈല്‍ ‘ഉക്രൈന്‍ സംഘര്‍ഷ വിഷയം’ ഉപയോഗിക്കുന്നതെന്നും ആരോപിച്ചു.

ഇസ്രഈലിന്റെ ‘റഷ്യാ വിരുദ്ധ’ നടപടികള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

നേരത്തെ, ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇസ്രഈല്‍ വോട്ട് ചെയ്തിരുന്നു. ഇസ്രഈലിന്റെ യു.എന്നിലെ ഈ നീക്കത്തെ അവരുടെ വിദേശകാര്യ മന്ത്രി യായ്ര്‍ ലാപിഡ് പിന്തുണക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രതികരണമാണ് ഇപ്പോള്‍ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

യായ്ര്‍ ലാപിഡിന്റെ നിലപാട് കുറ്റബോധമുളവാക്കുന്നതാണെന്ന് റഷ്യ പറഞ്ഞു.

”ഇസ്രഈല്‍ വിദേശകാര്യ മന്ത്രി യായ്ര്‍ ലാപിഡിന്റെ പ്രകോപനപരമായ പ്രസ്താവന ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഉക്രൈനിലെ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട്, ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള സംഘര്‍ഷങ്ങളിലൊന്നായ ഇസ്രഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ നിന്നും ലോകജനതയുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇസ്രഈലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്,” റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റഷ്യക്കെതിരെ നിലപാടെടുത്തെങ്കിലും കൗണ്‍സിലിനെക്കുറിച്ചുള്ള തങ്ങളുടെ വിമര്‍ശനത്തിന് മാറ്റമില്ലെന്ന് യായ്ര്‍ ലാപിഡ് വ്യക്തമാക്കിയിരുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ പക്ഷപാതപരവും ഇസ്രഈല്‍ വിരുദ്ധവുമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് നേരത്തെ തന്നെ ഇസ്രഈല്‍ ആരോപിച്ചിരുന്നത്.

ഈ മാസം ആദ്യമായിരുന്നു യു.എന്‍ ജനറല്‍ അസംബ്ലി റഷ്യയെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് അനുകൂലമായായിരുന്നു ഇസ്രഈല്‍ വോട്ട് ചെയ്തത്.

Content Highlight: Russia accuses Israel of using Ukraine issue as distraction from Palestine conflict

We use cookies to give you the best possible experience. Learn more