മോസ്‌കോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഉക്രൈനെന്ന് റഷ്യ; പ്രതികരിക്കാതെ ഉക്രൈന്‍
World News
മോസ്‌കോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഉക്രൈനെന്ന് റഷ്യ; പ്രതികരിക്കാതെ ഉക്രൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th July 2023, 5:12 pm

മോസ്‌കോ: മോസ്‌കോയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഉക്രൈനെന്ന് റഷ്യ. തിങ്കളാഴ്ച രാവിലെയായിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് ഡ്രോണുകളും തകര്‍ത്തതായും ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഡ്രോണ്‍ പ്രതിരോധ മന്ത്രാലയത്തിന് അരികില്‍ വീണതായി റഷ്യന്‍ സര്‍ക്കാരിന്റെ ഉമസ്ഥതതയിലുള്ള ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഇതുവരെ ഉക്രൈന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഉക്രൈന്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെ ക്രിമിയയിലെ ഒരു ജില്ലയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. വടക്കന്‍ ധന്‍കോയ് മേഖലയിലെ ഒരു വെടിമരുന്ന് ഡിപ്പോയില്‍ ആക്രമണമുണ്ടായതായി ക്രെംലിന്‍ നിയുക്ത റീജിയണല്‍ ഹെഡ് സെര്‍ജി അക്‌സെനോവ് പറഞ്ഞു. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും സമീപത്തുള്ള ഗ്രാമങ്ങളിലെ താമസക്കാരോട് അവിടെ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡ്രോണ്‍ ആക്രമണം പുലര്‍ച്ചെ നാല് മണിക്കാണ് ഉണ്ടായതെന്നും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും സിറ്റി മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ 2 കിലോമീറ്റര്‍ അടുത്തുനിന്നും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ കോംസോമോസ്‌കി അവന്യൂവിലും ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചതായി മോസ്‌കോ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ച ലിഖചേവ് അവന്യുവിലും ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.

ഈ മാസം ആദ്യവും മോസ്‌കോയില്‍ ഉക്രൈന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് റഷ്യ ആരോപിച്ചു.

അതേസമയം, ഉക്രൈന്‍ തുറമുഖ നഗരമായ ഒഡെസയില്‍ കഴിഞ്ഞ ദിവസം റഷ്യ മിസൈല്‍ ആക്രമണം നടത്തി . ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 19 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആക്രമണത്തില്‍ ഓര്‍ത്തഡോക്സ് പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചതായി സിറ്റി കൗണ്‍സില്‍ അറിയിച്ചിരുന്നു. അഞ്ചോളം മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഒഡെസയില്‍ റഷ്യ ആക്രമണം നടത്തിയത്.

Content Highlight: Russia accused  Ukraine of being behind a drone attack in moscow