ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ഇന്ത്യയെ പരിസഹിച്ച മുന്‍ ലങ്കന്‍ താരവും കമന്റേറ്ററുമായ റസല്‍ അര്‍നോള്‍ഡിന് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരുടെ പൊങ്കാല. സിംബാവെയോടേറ്റ തോല്‍വിയില്‍ നിന്നും കരകയറും മുമ്പ് ഇന്ത്യ നിലം പരിശാക്കിയ ലങ്കയുടെ പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യയെ കളിയാക്കുന്ന തരത്തില്‍ റസല്‍ ട്വീറ്റ് ചെയ്തത്.
മത്സരം രണ്ടാം ദിനം പിന്നിട്ടപ്പോഴായിരുന്നു റസലിന്റെ ട്വീറ്റ്. ഇന്ത്യന്‍ സ്‌കോര്‍ 500 ല്‍ എത്തി നില്‍ക്കുകയായിരുന്നു അപ്പോള്‍. ഇതിന് മുമ്പ് ഇന്ത്യ ലങ്കയ്‌ക്കെതിരെ 500 ല്‍ അധികം റണ്‍സ് സ്‌കോര്‍ ചെയതത് 1997 ലായിരുന്നു. അന്ന് 952 റണ്‍സിന്റെ പടുകൂറ്റന്‍ റണ്‍ മല ഇന്ത്യയ്ക്ക മുന്നിലുയര്‍ത്തിയായിരുന്ന ലങ്ക മറുപടി നല്‍കിയത്.
ഇത് ചൂണ്ടിക്കാണിച്ചായിരുന്ന റസിന്റെ പരിഹാസം. എന്നാലിത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒട്ടും ദഹിച്ചില്ല. ഉടനടി മുന്‍ താരത്തിന് മറുപടിയുമായി അവര്‍ രംഗത്തെത്തുകയായിരുന്നു. 952 ന് പകരം 259 തന്നെ ലങ്ക എടുത്താല്‍ വലിയ സംഭവമായിരിക്കും എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. വായടച്ച് ധ്യാനം നടത്താന്‍ ഉപദേശിക്കുന്നതായിരുന്നു മറ്റൊരു ട്വീറ്റ്.
അതേസമയം, ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയെ നിലം പരിശാക്കിക്കളഞ്ഞു ഇന്ത്യ. കളി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 305 റണ്‍സിനാണ് ഇന്ത്യ ലങ്കയെ വീഴ്ത്തിയത്. 550 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 245 എത്തിയപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.
സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്തായ ദിമുത് കരുണരത്നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പരുക്കേറ്റ രംഗണ ഹെറാത്ത്, അസേല ഗുണരത്നെ എന്നിവര്‍ ലങ്കന്‍ നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഇന്ത്യയ്ക്കായി അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. 190 റണ്‍സെടുത്താണ് ധവാന്‍ ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യയുടെ 600 എന്ന കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്നിറങ്ങിയ ലങ്ക മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 291 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ലങ്കന്‍ നിരയില്‍ ഏഴാമനായിറങ്ങിയ വെറ്ററന്‍ താരം ദില്‍റുവാന്‍ പെരേര, കന്നി ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് ലങ്ക ഓള്‍ഔട്ടായത്
രണ്ടാമിന്നിംഗ്‌സില്‍ സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. നാലാം ദിനമായ ഇന്ന് മൂന്നിന് 189 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 17ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ഇതോടെ പരിശീലകനായുള്ള തന്റെ അരങ്ങേറ്റം രവിശാസ്ത്രിയും വിജയത്തോടെയാക്കിയെന്നതും ശ്രദ്ധേയമാണ്.