മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 എന്ന വാക്‌സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ വാക്‌സിന്‍ 28 ദിവസത്തിനുള്ളില്‍ ടി സെല്‍ റെസ്‌പോണ്‍സും നല്‍കുന്നുണ്ടെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. 42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്‌സിന്‍ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാന്‍സെറ്റിന്റെ പ്രാഥമികതല റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വാക്‌സിന് പൂര്‍ണ്ണമായ അംഗീകാരം നല്‍കുന്നതിന് മുന്‍പ് ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു റഷ്യ പുതിയ വാക്‌സിന് അംഗീകാരം നല്‍കിയത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനായിരുന്നു റഷ്യയുടെ സ്പുടിനിക് 5. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മകളിലടക്കം ഈ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെക്കുകയും ചെയ്തിരുന്നു. അതേസമയം വളരെ ധൃതിപ്പിടിച്ച് മനുഷ്യരില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നതില്‍ ആശങ്ക പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
2021 പകുതി വരെ കൊവിഡ് 19 ന് വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.
‘മൂന്നാഘട്ട പരീക്ഷണത്തിന് കൂടുതല്‍ സമയമെടുക്കും, കാരണം വാക്സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്, ‘ ഹാരിസ് പറഞ്ഞു.’
പക്ഷെ ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച മെഡിക്കല്‍ ജേണലുകളിലൊന്നായ ലാന്‍സെറ്റ് തന്നെ സ്പുടിനിക് 5 ഫലപ്രദവും സുരക്ഷിതവുമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ കൊവിഡ് പോരാട്ടത്തില്‍ വലിയ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തില്‍ റഷ്യ ശരിയായ പാതയിലൂടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും നവംബറോടെ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക