| Sunday, 15th November 2020, 4:37 pm

റഷ്യന്‍ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തുന്നു: പരീക്ഷണത്തിന് തയ്യാറായി നൂറിലേറെ പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: കൊവിഡിനുള്ള റഷ്യന്‍ വാക്‌സിന്‍ സ്പുടിനിക് V അടുത്ത ഘട്ട പരീക്ഷണങ്ങള്‍ക്കായി ഉടന്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജില്‍ അടുത്ത ആഴ്ചയോടെ വാക്‌സിനെത്തുമെന്നും മനുഷ്യരില്‍ കുത്തിവെച്ചുള്ള രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അടുത്ത ആഴ്ച തന്നെ പരീക്ഷണങ്ങള്‍ നടക്കുമെന്ന് കാന്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ബി കമല്‍ അറിയിച്ചിട്ടുണ്ട്. 180 പേരാണ് ഇതുവരെ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

‘180 പേരാണ് ട്രയലിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗവേഷണ വിഭാഗം തലവനായ സൗരഭ് അഗര്‍വാളാണ് കുത്തിവെപ്പിനുള്ള വാക്‌സിന്റെ അളവ് നിശ്ചയിക്കുക. ആദ്യ ഡോസ് നല്‍കിയ ശേഷം കുത്തിവെപ്പ് നടന്നവരെ കൃത്യമായി നിരീക്ഷിക്കും. അതിനുശേഷമാണ് അടുത്ത ഡോസ് നല്‍കണമോയെന്ന് തീരുമാനിക്കുക.’ ആര്‍.ബി കമല്‍ അറിയിച്ചു.

21 ദിവസത്തെ ഇടവേളയില്‍ മൂന്ന് തവണ വാക്‌സിന്‍ കുത്തിവെച്ച ശേഷം ഏഴ് മാസത്തോളമാണ് ട്രയല്‍സിന് വിധേയമായവരെ നിരീക്ഷിക്കുക. കുത്തിവെപ്പ് നടത്തിയവരുടെ ശാരീരികനില പരിശോധിച്ചാല്‍ മാത്രമേ വാക്‌സിന്‍ വിജയകരമാണെന്ന് ഉറപ്പിക്കാനാകൂ.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഡോ.റെഡ്ഡിസ് ലബോറട്ടറിക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ സ്പുട്‌നിക് vന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിതരണവും നടത്താന്‍ ഡോ.റെഡ്ഡീസ് ലബോറട്ടറി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റമെന്റ് ഫണ്ടുമായി ധാരണയിലെത്തുന്നത് സെപ്റ്റംബറിലാണ്.

ഈ ധാരണ പ്രകാരം 100 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് ഡോ.റെഡ്ഡീസിന് നല്‍കുക. തുടര്‍ന്ന് ഇന്ത്യയിലെ നിയമപ്രകാരമുള്ള പരീക്ഷണങ്ങള്‍ നടത്തും. വിജയകരമായാല്‍ വിതരണത്തിന് നിയമപരമായി അംഗീകാരം തേടും.

ആഗസ്റ്റിലായിരുന്നു റഷ്യ പുതിയ വാക്സിന് അംഗീകാരം നല്‍കിയത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്സിനായിരുന്നു റഷ്യയുടെ സ്പുടിനിക് V. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മകളിലടക്കം ഈ വാക്സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെക്കുകയും ചെയ്തിരുന്നു. അതേസമയം വളരെ ധൃതിപ്പിടിച്ച് മനുഷ്യരില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നതില്‍ ആശങ്ക പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ റഷ്യയുടെ കൊവിഡ് വാക്സിന്‍ സുരക്ഷിതമാണെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് നടത്തിയ പഠന റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ പുറത്തുവന്നിരുന്നു. സ്പുട്നിക് V എന്ന വാക്സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ വാക്സിന്‍ പരീക്ഷണത്തില്‍ 76 പേരിലായിരുന്നു പരീക്ഷിച്ചത്. സ്പുടിനിക് V പ്രയോഗിച്ചവരിലെല്ലാം 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആര്‍ക്കും തന്നെ ശാരീരികപ്രശ്നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ല.

കൂടാതെ വാക്സിന്‍ 28 ദിവസത്തിനുള്ളില്‍ ടി സെല്‍ റെസ്പോണ്‍സും നല്‍കുന്നുണ്ടെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. 42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്സിന്‍ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാന്‍സെറ്റിന്റെ പ്രാഥമികതല റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതേസമയം വാക്സിന് പൂര്‍ണ്ണമായ അംഗീകാരം നല്‍കുന്നതിന് മുന്‍പ് ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russain Covid Vaccine Sputnik V will reach India next week for next phase trials

We use cookies to give you the best possible experience. Learn more