| Wednesday, 11th April 2018, 10:27 am

'ഭൂൂൂംം...'; ചെന്നൈയുടെ നെഞ്ചത്ത് നിറഞ്ഞാടി റസ്സല്‍; ബ്രാവോയെ സ്‌റ്റേഡിയത്തിനു പുറത്തേക്ക് പറത്തിയ റസ്സലിന്റെ കൂറ്റന്‍ സിക്‌സര്‍ കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം അക്ഷരാര്‍ത്ഥത്തില്‍ സ്റ്റേഡിയത്തില്‍ വെടിക്കെട്ട് തീര്‍ക്കുന്നതായിരുന്നു. സിക്‌സറുകളുടെ പെരുമഴ കണ്ട മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 203 റണ്ണിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് ചെന്നൈ മറികടന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത വിന്‍ഡീസ് താരം ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു 202 എന്ന സീസണിലെ ഉയര്‍ന്ന ടോട്ടല്‍ കുറിച്ചത്. ദീപക് ചഹാറിന്റെ ആദ്യ ഓവറില്‍ തന്നെ 18 റണ്‍സ് നേടി മികച്ച തുടക്കമായിരുന്നു കൊല്‍ക്കത്ത കുറിച്ചിരുന്നത്.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സുനില്‍ നരെയ്നെ ടീമിനു നഷ്ടമായി. 4 പന്തില്‍ 12 റണ്‍സ് നേടി നരെയ്ന്‍ പുറത്തായ ശേഷം 5.2 ഓവറില്‍ സ്‌കോര്‍ 51 നില്‍ക്കെ ലിനും (22) പുറത്താവുകയായിരുന്നു. മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും നേടിയ ഉത്തപ്പ 16 പന്തില്‍ 29 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കിനൊപ്പം പിന്നീട് ഒത്തുചേര്‍ന്ന ആന്ദ്രെ റസ്സലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാര്‍ക്ക് നേരെ തുടരെ തുടരെ അക്രമം അഴിച്ചുവിട്ടത്.


Also Read: ‘ഇത് ആരാധനയുടെ മറ്റൊരു രൂപം’; ധോണിയെ കാണാന്‍ ആരാധന മൂത്ത് കിഡ്‌നാപ്പിങ്ങ് സ്റ്റോറി മെനഞ്ഞ് പതിനഞ്ചുകാരന്‍ താണ്ടിയത് കിലോമീറ്ററുകള്‍


അവസാന പത്തോവറില്‍ 113 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചു കൂട്ടിയത്. അതില്‍ 88 റണ്‍സും റസ്സലിന്റെ സംഭാവനയായിരുന്നു. 26 പന്തില്‍ നിന്നുമാണ് റസ്സല്‍ അര്‍ദ്ധ ശതകം തികച്ചത്. ഇതില്‍ നാട്ടുകാരനായ ബ്രാവോയുടെ ഓവറില്‍ നേടിയ പടുകൂറ്റന്‍ സിക്‌സും ഉള്‍പ്പെടും. കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ 17 ാം ഓവറിലെ രണ്ടാമത്തെ പന്തായിരുന്നു റസ്സല്‍ സ്റ്റേഡിയത്തിനു പുറത്തെത്തിച്ചത്.

105 മീറ്റര്‍ അകലെയായിരുന്നു റസ്സലിന്റെ സിക്‌സ് ചെന്നു പതിച്ചത്. ചെന്നൈ താരങ്ങളും കൊല്‍ക്കത്തയുടെ ഉടമസ്ഥന്‍ ഷാരൂഖ് ഖാനുമെല്ലാം സിക്‌സ് കണ്ട് പകച്ച നില്‍ക്കുന്നതും സ്‌ക്രീനില്‍ കാണാമായിരുന്നു.

സിക്‌സറിന്റെ വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more