വാഷിംഗ്ടണ്‍: ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന.
രാജ്യത്ത് രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിലുണ്ടായ കുറവും കാര്യങ്ങള്‍ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ അറിയിച്ചു.
കൊവിഡ് ബാധിച്ചവരില്‍ പതിനഞ്ച് ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പരിചരണം ആവശ്യമുള്ളത്. ഹോം ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത കാരണം എല്ലാവരെയും ആശുപത്രിയിലെത്തിക്കുന്ന സ്ഥിതി രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,23144 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു. 28,82,204 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. 1,97,894 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ക്ക് കൃത്യമായി ചികിത്സ നല്‍കാന്‍ പറ്റാത്ത അവസ്ഥയാണ്. ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഹരിയാനയിലും സമാനമായ അവസ്ഥയാണ്.
അതേസമയം, ഭാരത് ബയോടെക്കിനോടും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും വാക്‌സിന്‍ വില കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിരുന്നു.
കൊവിഡിനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും കൊവാക്സിന്‍ നല്‍കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rush To Hospitals And Gatherings Worsend India’s Covid Crisis