ഭോപ്പാല്‍: മധ്യപ്രദേശിലെ ബിനാ നഗരത്തില്‍ ഹിന്ദുമത പരിപാടിയായ രാം കഥയുടെ പ്രസാദം വിതരണം ചെയ്യുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് വിശ്വാസികള്‍ക്ക് പരിക്കേറ്റു. പ്രസാദം വാങ്ങാനെത്തിയവര്‍ തന്നെയാണ് തിക്കും തിരക്കുമുണ്ടാക്കിയത്.
ചടങ്ങിലെ പ്രധാന പരിപാടികള്‍ക്ക് ശേഷം പ്രസാദമായ തേങ്ങ എടുക്കാനുള്ള ഭക്തരുടെ തിരക്കിനിടെയാണ് 17ഓളം വിശ്വാസികള്‍ക്ക് പരിക്കേറ്റത്. മൂന്ന് പേരുടെ എല്ലൊടിയുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
‘എല്ലാത്തിനും കൃത്യമായ സംവിധാനം ഞങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ആളുകള്‍ കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ച് ക്യൂ ചാടാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായത്,’ ഉദ്യോഗസ്ഥരിലൊരാളായ ആകാശ് രാജ്പുത് പറഞ്ഞു.
‘ഞങ്ങളുടെ ഭാഗത്ത് നിന്നും ഒരു കുറവും ഉണ്ടായിട്ടില്ല. പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പടെ മുന്‍ നിരയുള്ളവര്‍ കാരണമാണ് പ്രശ്‌നമുണ്ടായത്. അവര്‍ അവരുടെ കൂടെയുള്ളവരെ വരിയുടെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതാണ് പ്രശ്‌നമുണ്ടാക്കിയത്.
ഇങ്ങനെ വരി ചാടി കടന്നവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. ചിലര്‍ അവിടെ കിടക്കുന്ന രോഗികളെ ചവിട്ടുകയും ചെയ്തിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം 25,000 ആളുകളായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞത്.
മധ്യപ്രദേശ്, സാഗറിലെ ബിനാ നഗരത്തിലായിരുന്നു സംഭവം നടന്നത്.
‘തേങ്ങ പ്രസാദമായി നല്‍കാന്‍ ആരംഭിച്ചതോടെയുള്ള തിക്കിലും തിരക്കിലും പെട്ട് പതിനേഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 25,000 വിശ്വാസികളായിരുന്നു സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നത്,’ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര സിംഗ് പറഞ്ഞു.