| Friday, 12th April 2024, 1:12 pm

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; ഒന്നാം പ്രതി രൂപേഷിന് പത്തുവര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ ഒന്നാം പ്രതിയായ രൂപേഷിന് പത്തുവര്‍ഷം തടവ്. കൊച്ചി എന്‍.ഐ.എ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. മറ്റു പ്രതികളായ കന്യാകുമാരി, ഇബ്രാഹിം എന്നിവര്‍ക്ക് ആറ് വര്‍ഷവും അനൂപ് മാത്യൂവിന് എട്ട് വര്‍ഷവുമാണ് തടവുശിക്ഷ.

വയനാട് വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. രൂപേഷടക്കമുള്ളവര്‍ പ്രമോദിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും പ്രമോദിന്റെ മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വീടിന്റെ പരിസരത്ത് ലഘുലേഖകള്‍ വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റര്‍ ഭിത്തിയിലൊട്ടിക്കുകയും ചെയ്തു. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത് പ്രമോദ് ആണെന്ന് ആരോപിച്ചായിരുന്നു ഭീഷണിയും അതിക്രമവും.

രാജ്യദ്രോഹം, കലാപത്തിന് ശ്രമിക്കല്‍, വീട്ടില് അതിക്രമിച്ച് കടക്കല്‍, മാരകായുധങ്ങളുമായി അക്രമിക്കല്‍, കുറ്റകരമായ ഗൂഢാലോചന, നാശനഷ്ടം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ യു.എ.പി.എയും ഈ നാലുപേര്‍ക്കുമെതിരെ ചുമത്തിയിരുന്നു.

കേസില്‍ രൂപേഷ്, കന്യാകുമാരി, ഇബ്രാഹിം, ശ്യാം എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. 2014ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Content Highlight: Rupesh, the first accused in the Velamunda case, has been jailed for ten years

We use cookies to give you the best possible experience. Learn more