കണ്ണുകള്‍ ചൂഴ്ന്നു ഇരുട്ട് പരത്തുന്നത് ഇങ്ങനെയും കൂടെ ആണ്
Daily News
കണ്ണുകള്‍ ചൂഴ്ന്നു ഇരുട്ട് പരത്തുന്നത് ഇങ്ങനെയും കൂടെ ആണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2017, 4:24 pm

 

ഇതും പെരിങ്ങീല്‍ എന്ന ദേശത്തെ ക്കുറിച്ചാണ്. പെരിങ്ങീല്‍ എന്നാ എന്റെ അച്ചന്റെ ദേശം തന്നെ ആണ് എന്നെ “നിര്‍മിച്ചത്”. പെരിങ്ങീല്‍ എന്നാ ദേശത്തെക്കുറിച്ചാണ് ഞാന്‍ എഴുതി തുടങ്ങിയതും. പെരിങ്ങീല്‍ എന്നാ ദേശത്തെക്കുറിച്ച് എഴുതിയാണ് എനിക്ക് ഒരു പാട് കൂട്ടുകാരുണ്ടായതും.

പെരിങ്ങീല്‍ എന്നാ ദേശത്തെക്കുറിച്ച് എഴുതിയ അധ്യായങ്ങളില്‍ ആണ് എന്റെ നോവലെഴുതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തിളച്ചതും. ആ ദേശത്തെ ക്കുറിച്ച് തന്നെ ആണ് ഈ എഴുത്തും. അതിലേക്ക് വരുന്നതിനു മുമ്പ് വേറെ ചില കാര്യങ്ങളിലേക്ക് വരാം.

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ അമ്മയുടെ ചേച്ചിയുടെ വീട്ടില്‍ ഇരിക്കുമ്പോഴാണ് അച്ഛന്റെ സുഹൃത്തും കൂടെ ജോലി ചെയ്തു റിട്ടയര്‍ ചെയ്തതും ആയ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെയും കൂട്ടി ആ വീട്ടിലേക്ക് കയറി വരുന്നത്. വന്നത് ഒരു സംഭാവനക്കായിരുന്നു.

 

അമ്മയുടെ തറവാട്ടു വക “ക്ഷേത്ര”ത്തിനു മതില്‍ കെട്ടാന്‍ തറവാട്ടിലെ ഒരു ആണ്‍തരി അയ്യായിരം രൂപയും ഒരു പെണ്‍തരി മൂവായിരം രൂപയും സംഭാവന നല്‍കണം പോലും. കാലിന്റെ അടിയില്‍ നിന്ന് പെരുത്ത് കയറി വന്നു. ഇന്ന് ആ മനുഷ്യനെ പൊളിച്ചിട്ട്തന്നെ കാര്യം എന്ന് മനസ്സില്‍ കുറിച്ചിട്ടു. ചില ചില്ലറ ചോദ്യങ്ങള്‍ ആണ് ചോദിച്ചത് അല്ലെങ്കില്‍ പറഞ്ഞത്.

ഈ തറവാട്ടിലെ എല്ലാവരുടെയും ആവറേജ് വരുമാനം എന്നത് ഒക്കെ പറഞ്ഞാല്‍ പതിനായിരമോ ഇരുപതിനായിരമോ ഒക്കെ ആയിരിക്കും. സ്ത്രീകള്‍ക്കാെണങ്കില്‍ ആ തറവാട്ടില്‍ ജോലി ചെയ്യുന്നവര്‍ വളരെ കുറവ്. ഇവര്‍ അയ്യായിരവും മൂവായിരവും ഒരു ക്ഷേത്രത്തിന്റെ മതില്‍ കെട്ടാന്‍ തന്നാല്‍ ഒരു മാസത്തെ അവരുടെ കുടുംബ ജീവിതം താളം തെറ്റും.

അതവിടെ നിക്കട്ടെ. ഈ മതില് കേട്ടാല്‍ കര്‍മ്മരത്തിനു അതിന്റെതായാ ആചാരങ്ങള്‍ ഒക്കെ ഉണ്ടാകുവല്ലോ. ആരായിരിക്കും ഈ കര്‍മ്മങ്ങള്‍ക്കൊക്കെ നേതൃത്വം വഹിക്കുന്നത്? ബ്രാഹ്മണരാണത്രേ. അതായത് ഒരു കാലത്ത്, അല്ല , ഇപ്പോഴും നല്ല ബെസ്റ്റ് ആയി അയിത്തം തൊട്ടുകൂായ്മ എന്നിവ പല രീതിയില്‍ നല്ല വൃത്തി ആയി ആചരിക്കുന്ന ബ്രാഹ്മനിക്ക് സമൂഹം പുലയരുടെ ഒക്കെ ക്ഷേത്രത്തില്‍ പൂജാരി ആവുക.

 

അതായത് പൂജ ചെയ്യുമ്പോ കിട്ടുന്ന പൈസക്ക് മാത്രം ഒരു അയിത്തവും ഇല്ല. എന്നതാണ്. എന്തൊരു കൊമാടിയനെന്നു ചോദിച്ചപ്പോ പിന്നെ ഉത്തരം മുട്ടി ആ അങ്കിള്‍ അവിടെ നിന്ന് ഇറങ്ങി പ്പോവുകയായിരുന്നു.

ഇനി പെരിങ്ങീലിലെക്ക് വരാം. കുറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ഒരു മാസത്തിനു മുമ്പേ പെരിങ്ങീല്‍ എന്ന എന്റെ അച്ചന്റെ ദേശത്തേക്ക് വീണ്ടും ഒരു പോക്കുണ്ടായി. പെരിങ്ങീലിനെക്കുറിച്ചു അത്രക്ക് അഭിമാനത്തോടെ ആണ് എവിടെയും എന്നും പറഞ്ഞിരുന്നത്. ഞാന്‍ കണ്ട ഏറ്റവും ഹീേറായിക് ആയ മനുഷ്യന്മാര്‍ പൈരിങ്ങീലില്‍ ഉള്ളവര്‍ ആയിരുന്നു.

പിന്നെയും ഒരു മഴക്കാലത്തു എന്റെ നോവലിന്റെ ഒരു പഠന പ്രവര്‍ത്തനത്തിനായി ഒരു കൂട്ടുകാരിയുടെയും അവരുടെ വിദ്യാര്‍ത്ഥിനിയുടെയും കൂടെ പെരിങ്ങീലിലേക്ക് പോയി. അവിടെ അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കണ്ടത്. പണ്ട് വേനലവധിക്കാലത്ത് എപ്പോഴും ഓടിപ്പോയി ജീവിച്ചപ്പോള്‍ വൈകുന്നേരം വിളക്ക് വെക്കാന്‍ ഒക്കെ പോയിരുന്ന ഉപ്പു കാറ്റടിക്കുന്ന പുഴയുടെ കരയിലെ കോട്ടത്തിന്റെ മുന്നില്‍ ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചിരിക്കുന്നു.

പെരിങ്ങീല്‍ കോട്ടം

“ആര്യങ്കാവ് ഭഗവതി ക്ഷേത്രം” എന്ന ഫ്‌ളെക്‌സ് ബോര്‍ഡ്!/ ശരിക്കും പറഞ്ഞാല്‍ ഞെട്ടിപ്പോയി. കോട്ടം ക്ഷേത്രം ആകാന്‍ പോകുകയാണ്. കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ വീട്ടിലേക്ക് ഇങ്ങനെയും കടന്നു കയറാം. ഇങ്ങനെയും കണ്ണിലേക്ക് ഇരുട്ട് കയറാം. അപകടം പതിയെ പെരിങ്ങീലിലെക്കും നുഴഞ്ഞു കയറുകയാണ്. കോട്ടം ബ്രാഹ്മണവല്‍ക്കരിക്കാന്‍ പോകുന്നു.

പെരിങ്ങീലിലെ ഗണേശേട്ടനോട് ചോദിച്ചപ്പോള്‍ കോട്ടം പുനരുദ്ധാരണം നടത്താന്‍ പോവുകയാണെന്നാണ് കേട്ടത്. എങ്ങനെയാണ് ഒരു കോട്ടം ക്ഷേത്രം ആവുക എന്ന് ചോദിച്ചെങ്കിലും ആ വര്‍ത്തമാനം അധികം നീണ്ടില്ല.

പിന്നെയും കുറച്ചു കാലം കഴിഞ്ഞു ഇങ്ങു ദുബായില്‍ എത്തിയപ്പോഴാണ് ഒരു വാട്‌സപ് ഗ്രൂപ്പില്‍ പൊട്ടന്‍ തെയ്യം കലാകാരന്‍ ആയ ഉടയെട്ടന്റെ വക ഒരു മെസേജ് കാണുന്നത്.

പെരിങ്ങീലിലെ കോട്ടം പുനരുദ്ധാരണം നടത്താന്‍ ഒരു വാട്‌സപ് ഗ്രൂപ്പ് പോലെ എന്തോ രൂപീകരിച്ചുവത്രേ. അതില്‍ കുറെ ഫോക്ക്‌ലോരിസ്ടുകളും ഗവേഷകരും നമ്പ്യാര്‍ സമുദായത്തില്‍ പെട്ടവരും ഒക്കെ ആണ് നേതൃത്വം കൊടുക്കുന്നത്. നാട്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ പിരിക്കാനുള്ള പരിപാടിയാണ്. അതിന്റെ ഇടയിലെ കോമഡി നേരത്തെ പറഞ്ഞ പോലെ തന്നെ അതിന്റെ ആചാരപരമായ കാര്യങ്ങളില്‍ ബ്രാഹ്മണര്‍ ആണ് നേതൃത്വം കൊടുക്കുന്നത്.

 

പൂജകളിലൂടെ സമ്പത്ത് അവര്‍ക്ക് പോകും. സ്വര്‍ണ പ്രശ്‌നം പോലുള്ള കലാപരിപാടികള്‍ ഒക്കെ തുടങ്ങി ക്കഴിഞ്ഞു. ഇനി പുനരുദ്ധാരണം ബ്രാഹ്മണരുടെ കാര്‍മികത്തില്‍ ആണെന്നാണ് കേട്ടത്. ഇത് ഒരു വാട്‌സാപ് ഗ്രൂപ്പില്‍ പ്രശ്‌നമായി ഞങ്ങള്‍ കുറച്ചു പേര്‍ ഉന്നയിക്കുകയും ചെയ്തു. അതായത് പെരിങ്ങീലിലെ ആ കോട്ടം ഹൈജാക്ക് ചെയ്യപ്പെടാന്‍ പോകുന്നു.

പെരിങ്ങീല്‍ എന്ന ആ ദേശത്തെ ജീവിതം രൂപപ്പെടുന്നത് അവിടത്തെ പുലയരുടെ കാര്‍ഷിക അടിമ ജീവിതത്തില്‍ നിന്നാണ്. അവരുടെ കാര്‍ഷിക ജീവിതം, മത്സ്യബന്ധനം ഒക്കെ കൂടി ചേര്‍ന്നാണ് അവരുടെ നില നില്‍പ്പ്. അതിന്റെ കൂടെ പെരിങ്ങീലിലെ പ്രളയം, ഉപ്പുകാറ്റ് വേനല്‍, ദാരിദ്ര്യം, പട്ടിണി ഒക്കെ അവരുടെ ജീവിതം രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ പ്രളയത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഒക്കെ രക്ഷപ്പെടാന്‍ വിളിച്ച ദൈവങ്ങളില്‍ നിന്നുമൊക്കെ ആവാം അവരുടെ ആരാധനാ സമ്പ്രദായങ്ങള്‍ രൂപപ്പെടുന്നത്.

അവര്‍ മത്സ്യം കഴിച്ചത് പച്ചക്കറി കഴിക്കാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല അവരുടെ ഭൂമി ശാസ്ത്രവും ആയി ബന്ധപ്പെട്ടു രൂപപ്പെട്ട ഭക്ഷണ ക്രമം ആയത് കൊണ്ട് കൂടി ആണ്. അവരുടെ ശരീരവും പോരാട്ടങ്ങളും ജീവിതങ്ങളും ഒക്കെ രൂപപ്പെട്ടത് ചതുപ്പ് നിലങ്ങളിലെ അധ്വാനങ്ങളില്‍ നിന്ന് കൂടി ആണ്. ഒരു കാലത്ത് ഇതേ ബ്രാഹ്മണിക്കല്‍ സമൂഹങ്ങള്‍ അവരുടെ പത്തായപ്പുര നിറക്കാന്‍ അടിമ വംശമായി കൊണ്ട് തള്ളിയ ഒരു ജനവിഭാഗം അവരുടെ യുദ്ധങ്ങളിലൂടെ നിര്‍മിച്ചെടുത്ത ഒരു ദേശം ആണ് പെരിങ്ങീല്‍.

 

അന്നും ഇന്നും ബ്രാഹ്മണിസം അതിന്റെ അയിത്തം ഇന്ത്യന്‍ ജാതി വ്യവസ്ഥയിലൂടെ അതിനെ ആക്രമിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും ആചാരപരമായും രാഷ്ട്രീയപരമായും നവോഥാന കേരളം ഇത്തരം ദേശങ്ങളോട് അയിത്തം കാട്ടിയിട്ടുണ്ട്. കാര്‍ഷിക ജീവിതത്തിനപ്പുറം വിദ്യാഭ്യാസത്തിലൂടെ അംബെദകറൈറ്റ് രീതിയില്‍ കുറച്ചു പേരെങ്കിലും പെരിങ്ങീലില്‍ നിന്ന് പുറത്ത് പോയി അവരുടെ ജീവിതം രൂപപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം ചെയ്ത ഒരു തലമുറയുടെ രണ്ടാം തലമുറയാണ് ഇതെഴുതുന്ന ഈ ലേഖകന്‍.

അയിത്തം /ജാതി അടിമത്തം/തൊട്ടുകൂടായ്മ എന്നിവയൊക്കെ കൃത്യമായി ഓപ്പറേറ്റ് ചെയ്ത് ബ്രാഹ്മണിക്കല്‍ ശക്തികളാണ് ഇപ്പൊ പെരിങ്ങീലിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമം നടത്തുന്നത്. അത് നടപ്പിലാക്കാനുള്ള ഏറ്റവും എളുപ്പമുള്ള രീതിയാണ് ആരാധനക്രമങ്ങളിലൂടെ ഉള്ള നുഴഞ്ഞു കയറ്റം. അതവര്‍ പറയുക ഞങ്ങള്‍ കയറുന്നതല്ലല്ലോ. ഞങ്ങളെ ക്ഷണിക്കുന്നതല്ലേ എന്ന്.

 

അങ്ങനെ ക്ഷണിക്കപെടാനുള്ള അധികാര അവസ്ഥയിലേക്ക് ബ്രാഹ്മണിസം എത്തിപ്പെട്ടു എന്നുള്ളതാണ് പെരിങ്ങീലും ഇന്ത്യ മുഴുവനും നേരിടുന്ന ഏറ്റവും വലിയ അപകടം. വിവിധ ആചാരഘടനകളെ ബ്രാഹ്മണിസത്തിന്റെ തൊഴുത്തില്‍ കെട്ടുക എന്ന രാഷ്ട്രീയം. അതിലും വലിയ അപകടം ഫോക്ക്‌ലോരിസ്ടുകള്‍, ഗവേഷകര്‍, ലിബറലുകള്‍, സെക്കുലര്‍ എന്നൊക്കെ പറയുന്നവര്‍ ഇത്തരം ബ്രാഹ്മണിക് ആചാര ക്രമങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്നു എന്നതാണ്.

ഈ പ്രശ്‌നം ഉന്നയിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോ ഒരു ഗവേഷക എന്നോട് പറഞ്ഞത് കോട്ടം പുനര്‍നിര്‍മ്മി ക്കപ്പെടുന്നത് അറിയുമ്പോള്‍ അവിടത്തെ സ്ത്രീകളുടെ കണ്ണുകളിലെ തിളക്കം ഞങ്ങള്‍ കണ്ടതാണ് എന്നതാണ്. അതിലും വലിയ തിളക്കം അവിടത്തെ മനുഷ്യന്മാര്‍ എസ്.എസ്.എല്‍.സി പാസായി സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കേറുമ്പോള്‍ ഉണ്ടായിരുന്നു. കോട്ടം പുനര്‍നിര്‍മ്മിക്കേണ്ടത് തന്നെ ആണ്. പക്ഷെ അത് എങ്ങനെ ആരുടെ നേതൃത്വത്തില്‍ വേണം എന്നത് തന്നെ ആണ് ചോദ്യം.

 

ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആ ദേശത്തെ ചെറുപ്പക്കാര്‍ തന്നെ നല്ല പച്ചക്ക് ഫേസ്ബുക്കിലും മറ്റും തെറി വിളിക്കുന്നുണ്ട്. വിഡ്ഢി എന്നൊക്കെ ആണ് വിളിപ്പേര്. അതിനൊക്കെ താങ്ക്യുവും ഒരു സ്‌മൈലിയും അത്രക്ക് എന്നെ രൂപപ്പെടുത്തിയ ഒരു ദേശത്ത് നിന്ന് ഇങ്ങനെ തെറി വിളിക്കുമ്പോള്‍ പണ്ട് ചൂട്ടു കത്തിച്ചു നടന്നു വന്നു പഴയ പോരാട്ടങ്ങളുടെ കഥ പറഞ്ഞു തന്ന മരിച്ചു പോയ അച്ചാച്ചനോട് ഇവിടെ ഒരു പ്രവാസത്തില്‍ നിന്നും ഇങ്ങനെയെ പറയാനുള്ളൂ.

“അച്ചച്ച്ചാ അച്ച്ചാച്ച്ചന്‍ മരിച്ചു പോയി. ഒരു ദേശത്ത് നിന്നും പുറതാക്കപ്പെടുകയാനെങ്കില്‍ ഞാനും മരിച്ചു പോയേക്കാം. പക്ഷെ അവധിക്കലത്തെങ്കിലും ഞാന്‍ ജീവിച്ച ദേശത്തെ ഒരു കൊട്ടത്തെ മീനും കൃഷിയും ഉപ്പു കാറ്റും ചതുപ്പും വിദ്യാഭ്യാസവും മറ്റാര്‍ക്കും അടിയറവു വെക്കുന്നതിനു കൂട്ട് നിക്കാന്‍ വയ്യ.”

ചില കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നത് ഇങ്ങനെ വേദനിപ്പിക്കാതെ ആണെന്ന് വിളിച്ചു പറഞ്ഞെ പറ്റൂ.