'അയ്യേ.. അയ്യയ്യേ..' മക്കളെ ജാതിയില്ലാതെ സ്‌കൂളില്‍ ചേര്‍ത്തെന്നു ഫേസ്ബുക്കില്‍ കുറിച്ച ബല്‍റാമിനെയും എം.ബി രാജേഷിനെയും വിമര്‍ശിച്ച് രൂപേഷ് കുമാര്‍: മറുപടിയുമായി വി.ടി ബല്‍റാം
Kerala
'അയ്യേ.. അയ്യയ്യേ..' മക്കളെ ജാതിയില്ലാതെ സ്‌കൂളില്‍ ചേര്‍ത്തെന്നു ഫേസ്ബുക്കില്‍ കുറിച്ച ബല്‍റാമിനെയും എം.ബി രാജേഷിനെയും വിമര്‍ശിച്ച് രൂപേഷ് കുമാര്‍: മറുപടിയുമായി വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd June 2017, 10:35 am

കോഴിക്കോട്: പാര്‍ട്ടികളുടെ ജാതിവിഷയത്തിലെ ഇരട്ടത്താപ്പ് നിലപാടുകളെ വിമര്‍ശിച്ച് സംവിധായകന്‍ രൂപേഷ് കുമാര്‍. എം.ബി രാജേഷ് എം.പിയും വി.ടി ബല്‍റാം എം.എല്‍.എയും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ജാതിയില്ലാതെ ചേര്‍ത്ത സംഭവം വാര്‍ത്തകളില്‍ ഇടംനേടിയതിനു പിന്നാലെയായിരുന്നു രൂപേഷിന്റെ വിമര്‍ശനം.

ജാതി ഇല്ലെന്നു പ്രഖ്യാപിക്കാന്‍ ചിലര്‍ക്ക് എളുപ്പമാണെന്നും എന്നാല്‍ ജാതീയതയുടെ ദുരിതം പേറുന്ന ദളിത് കീഴാള സമൂഹങ്ങള്‍ക്ക് അതത്ര എളുപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രൂപേഷ് കുമാറിന്റെ വിമര്‍ശനം. ചില ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു അദ്ദേഹം ഈ വിമര്‍ശനം മുന്നോട്ടുവെച്ചത്.


Must Read: വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് ഹൈക്കോടതി വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശനം അരുതെന്ന് കോടതി 


“പുലയാടിച്ചി ഓട്ടോ ഓടിക്കുന്നുവോ?” എന്ന് സി.പി.ഐ.എമ്മു വിളിച്ചു ആക്ഷേപിച്ച ചിത്രലേഖ എങ്ങനെ ആണ് ജാതി ഒഴിവാക്കേണ്ടത് ?രോഹിത് വിമുല തിരിച്ചു വന്നു ഇനി എങ്ങനെയാണ് ജാതി ഉപേക്ഷിക്കെണ്ടത് ? ഗാന്ധി “ഹരിജനങ്ങള്‍” എന്ന് വിളിച്ചു അപമാനിച്ച കൂട്ടങ്ങള്‍ എങ്ങനെ ആണ് ജാതി ഉപേക്ഷിക്കെണ്ടത്? ഭൂപരിഷ്‌കരണ കോമടിയിലെ മൂന്നു സെന്റുകാര്‍ അടുക്കളയില്‍ ശവം കുഴിച്ചിട്ട ശേഷം ജാതി ഉപേക്ഷിക്കാന്‍ ഏത് സ്‌കൂളില്‍ ആണ് പോകേണ്ടത് ?

“മലയാളം പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന്” പറഞ്ഞു ഇങ്ങടെ പൊതു വിദ്യാഭ്യാസത്തിലെ മാഷമ്മാരുടെ ചീത്ത വിളി കേക്കാതെ ഇങ്ങടെ കോണോത്തിലെ സ്‌കൂള്‍ എന്ന് പറഞ്ഞു ഇറങ്ങിപ്പോയ ആദിവാസികള്‍ ജാതി ഉപേക്ഷിക്കാന്‍ ഏതു വില്ലെജാഫീസിലാണ് പോകേണ്ടത് ? പാര്‍വതി മേനോനെനെയും നീലകണ്ഠന്‍ നമ്പൂതിരിയും പോലെ ഏതു വാലാണ് പുലയനും പറയനും പറിച്ചു കലയെണ്ടത് ?” അദ്ദേഹം ചോദിക്കുന്നു.

അതേസമയം രൂപേഷ് കുമാറിന്റെ വിമര്‍ശനത്തില്‍ അഭിപ്രായ പ്രകടനവുമായി വി.ടി ബല്‍റാമും രംഗത്തെത്തി. രൂപേഷ് കുമാറിന്റെ പോസ്റ്റു ഷെയര്‍ ചെയ്തുകൊണ്ടാണ് ബല്‍റാം തന്റെ നിലപാട് വിശദീകരിച്ചത്.

മതംവിശ്വാസവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ജാതിയെന്നത് ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണഎന്നും ജാതിയില്ലാതെ ജീവിക്കുകയെന്നത് ഇന്ന് ചുരുങ്ങിയ ചിലയാളുകള്‍ മാത്രം പുലര്‍ത്തി പോരുന്ന വിശേഷാധികാരമാണെന്നും വി.ടി ബല്‍റാം പറഞ്ഞു.