അദൃശ്യങ്ങളുടെ ക്ലോസപ്പ് ഷോട്ടുകള്‍
Discourse
അദൃശ്യങ്ങളുടെ ക്ലോസപ്പ് ഷോട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2017, 11:20 am


അടിമ ജീവിതാനുഭവങ്ങളെ ആവിഷ്‌കാരത്തിന്റെയും ആഖ്യാനത്തിന്റെയും പടിക്ക് പുറത്ത് നിറുത്തിയാണ് വരേണ്യത അതിന്റെ അധീശത്വം പ്രഖ്യാപിച്ചതും നിലനിറുത്തിയതും. പ്രബല വംശപാളികള്‍ കീഴാള ജീവിതത്തെ സ്വന്തം യുക്തിയില്‍ ഹിംസാത്മകമായോ വൈകൃതാത്മകമായോ ആവിഷ്‌കരിച്ചു. പൊതുബോധം അത് സമര്‍ത്ഥമായി ആഘോഷിച്ചു. കീഴാളജീവിതത്തിന്റെ അതിജീവനവും സമരാനുഭവങ്ങളും വേരോടെ അറുത്തിടാന്‍ സാംസ്‌കാരിക വരേണ്യതയുടെ ഗൂഢാലോചനകള്‍ക്ക് കഴിഞ്ഞു. സാഹിത്യത്തിലും ചരിത്രത്തിലും ഇല്ലാതെപോയ ഈ സാന്നിദ്ധ്യങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് പൊയ്കയില്‍ അപ്പച്ചന്‍ ചെയ്തത്.

“”കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രം””
എന്നത് വിലാപമല്ല; പൊള്ളുന്ന ഓര്‍മ്മപ്പെടുത്തലാണ്.

“സിനിമാസ്‌കോപ്പ്” എന്ന രൂപേഷ് കുമാറിന്റെ നോവല്‍, ചരിത്രത്തില്‍ അക്ഷരങ്ങള്‍ നിരത്തുകയാണ്. സമാനതകളില്ലാത്ത കാര്‍ഷിക അടിമജീവിതം പേറിയ കണ്ണൂരിലെ സവിശേഷ ദേശഭൂമികയില്‍ നിന്നാണ് “സിനിമാസ്‌കോപ്പ്” പിറവി എടുത്തിരിക്കുന്നത്. അടിമജീവിതത്തിന്റെ ചൂരലും ചാട്ടവാറും ഏറ്റുവാങ്ങി കോശങ്ങള്‍ ചതഞ്ഞു ചോരയും ചലവും നിറച്ച് സ്വയം ചീഞ്ഞളിഞ്ഞവര്‍ രൂപേഷ് കുമാറിന്റെ പൂര്‍വ്വികരായിരുന്നു. അവര്‍ ചുമലില്‍ നുകം വെച്ചു നിലം കീറിയിട്ടു. എക്കല്‍ ചതുപ്പിന്റെ ചളിക്കൊഴുപ്പില്‍ താണൊടുങ്ങി. സ്വന്തം ഭൂതകാലത്തെ രാഷ്ട്രീയമായി തിരിച്ചറിയുന്ന രൂപേഷ് സ്വന്തം തിരക്കഥയെ വേഷംമാറ്റിയെടുക്കുന്ന ഈ നോവല്‍, തിരിച്ചറിവിന്റെ തീപ്പൊള്ളല്‍ തന്നെയാണ്.

ആത്മാഖ്യാനത്തിനും ഫിക്ഷനുമിടയിലെ സാമ്പ്രദായിക സങ്കേതങ്ങളെ പൊളിച്ചടുക്കിക്കൊണ്ടാണ് രൂപേഷ് എഴുത്തിന്റെ നിലയും നിലപാടും രൂപകല്പന ചെയ്യുന്നത്.

രൂപേഷ് സംവിധാനം ചെയ്ത ഡോക്യുമെന്ററികള്‍ പൊയ്കയില്‍ അപ്പച്ചന്‍ ശാസനകളെ ഒരര്‍ത്ഥത്തില്‍ ഇന്‍സ്റ്റന്റ് ചെയ്യുന്നുണ്ട്. “ഡോണ്ട് ബി ഔര്‍ ഫാദെഴ്‌സ്” എന്ന ഡോക്യുമെന്ററി അടിമജീവിതത്തിന്റെ സാമൂഹ്യാനുഭവങ്ങളെ മുന്‍നിര്‍ത്തി സ്വയം നിര്‍വ്വചിക്കാനുള്ള ശ്രമമാണ്. രൂപേഷ് അതില്‍ വിജയിക്കുന്നുമുണ്ട്.

തമ്പുരാക്കള്‍ ലേലത്തില്‍ പിടിച്ച് കാലും കയ്യും കെട്ടി കാളവണ്ടിയില്‍ കൊണ്ടുവന്നു എക്കലിന്റെ ചളിപ്പുതപ്പിലേക്ക് തള്ളിയ ഒരു ചളി തുരുത്തിലെക്കാണ് രൂപേഷ് സ്വന്തം ക്യാമറ ചലിപ്പിച്ചത്. അത് പെരിങ്ങീല്‍ എന്ന അടിമ നിലമാണ്. എക്കലില്‍ നിന്ന് നിവര്‍ന്ന് നിന്ന അടിമയുടെ താന്‍പോരിമയും കരുത്തുമാണ് ഈ രണ്ടാം തലമുറക്കാരന്റെ കീ ബോഡിന്റെ വേഗതയും കൃത്യതയുമാകുന്നത്.

സ്വാതന്ത്ര്യപൂര്‍വ്വകാലത്തും തുടര്‍ന്നും ആഖ്യാനങ്ങളില്‍ ഇല്ലാതെപോയ കീഴാള യൗവ്വനങ്ങള്‍ ആഹ്ലാദത്തോടെ ആവിഷ്‌കരിക്കാന്‍ ഈ നോവലിന് കഴിയുന്നുണ്ട്. വീടും വിദ്യാലയവും കലാശാലകളുടെ ക്ലാസ് റൂം അനുഭങ്ങളും നാളിതുവരെ ദളിതനുഭവങ്ങളായി നമ്മുടെ ആഖ്യാനങ്ങളില്‍ പ്രമേയമായില്ല. ദളിത് യൗവ്വനത്തിന്റെ പേരും പ്രണയവും “സിനിമാസ്‌കോപ്പി”ല്‍ തെളിയുന്നുണ്ട്. വരികളില്‍ വിരല്‍ വെച്ച് അവര്‍ പറയും രാജു ഞാനാണെന്ന്. ചരിത്രത്തിന്റെ ഡിജിറ്റലൈസ്ഡ് തിയേറ്റര്‍ ഭിത്തികള്‍ക്കിടയില്‍ കയ്യടികളും ആര്‍പ്പുവിളികളും അലയടിച്ചു ചിതറും. “സിനിമാസ്‌കോപ്പ്” റെക്കോഡുകള്‍ തീര്‍ക്കും.

ഈ കൃതി വായനക്കാര്‍ക്ക് കൈമാറുമ്പോള്‍ കനവും കരുത്തും എന്നെ വേവലാതിപ്പെടുത്തുന്നില്ല. കേവല പ്രതിനിധാനത്തിന്റെ പതറുന്ന കാല്‍വെയ്പ്പല്ല; നിരന്തര സാന്നിധ്യത്തിന്റെ എല്ലുറപ്പും തുടര്‍ച്ചാ സാന്നിധ്യങ്ങളുമാണ് എന്നെപ്പോലെ ഒരാളെ ആവേശം കൊള്ളിക്കുന്നത്.