അയോധ്യ: ഫെബ്രുവരി അഞ്ച് 2020 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ അയോധ്യയിലെ രാമക്ഷേത്രത്തിനായി ചെലവഴിച്ചത് 900 കോടി രൂപയെന്ന് രാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ്. നിലവില്‍ 3,000 കോടി രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ വിദേശ കറന്‍സിയില്‍ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമ നടപടി ഉള്‍പ്പെടെ 18 കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വിദേശത്ത് നിന്നുള്ള സംഭാവനക്കായി ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് പ്രകാരം ട്രസ്റ്റ് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാം കഥ മ്യൂസിയത്തില്‍ രാമക്ഷേത്രത്തിന്റെ 500 വര്‍ഷത്തെ ചരിത്രവും 50 വര്‍ഷത്തെ നിയമ രേഖകളും സൂക്ഷിക്കുമെന്നും ചമ്പത് റായ് പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10,000ത്തോളം പ്രമുഖരും പങ്കെടുക്കുമെന്നാണ് വിവരം. പ്രതിഷ്ഠാ ദിനത്തില്‍ സൂര്യാസ്തമയത്തിനുശേഷം വീടുകള്‍ക്ക് മുന്നില്‍ വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടും.
അതേസമയം, 2025 ജനുവരിയോടെ മൂന്ന് ഘട്ടങ്ങളിലായി ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്ന് ചമ്പത് റായ് പറഞ്ഞു.
Content Highlights: Rupees 900 Crore Spent On Ram Temple Till March This Year, informed Ayodhya trust