| Thursday, 29th August 2013, 9:55 am

തകര്‍ച്ചയില്‍ നിന്നും രൂപ നില മെച്ചപ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നില മെച്ചപ്പെടുത്തുന്നു. ഡോളറിനെതിരെ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് തകര്‍ച്ചയില്‍ ക്ലോസ് ചെയ്ത രൂപ ഇന്ന് രാവിലെ നില അല്‍പം മെച്ചപ്പെടുത്തി. []

ഡോളറിനെതിരെ 66.82 രൂപയിലാണ് വ്യാപാരം തുടരുന്നത്. 67.20 ല്‍ ആണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഓഹരിവിപണിയിലും മുന്നേറ്റം ഉണ്ടായി. സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 40 പോയിന്റും ഉയര്‍ന്നു.

18 വര്‍ഷത്തിനിടയിലെ ഒറ്റദിവസത്തിലെ റെക്കോഡ് തകര്‍ച്ച നേരിട്ട് ഡോളറിന് 68.80 എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചിരുന്നത്.

ജൂലൈ മൂന്നിന് ആര്‍ബിഐ നടപടി വന്നതിനുശേഷം രൂപയുടെ മൂല്യം 11 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഈയാഴ്ച തന്നെ രൂപയുടെ മൂല്യം എട്ടു ശതമാനത്തിലധികം ഇടിഞ്ഞു.

തകര്‍ച്ചക്ക് നേരിയ തടയിടാന്‍ പോലും ആവാതെ ഇരുട്ടില്‍ തപ്പുകയാണ് റിസര്‍വ് ബാങ്കും സര്‍ക്കാറും. ഡോളര്‍ വ്യാപകമായി വിറ്റഴിച്ച് റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലും ഫലം കണ്ടിട്ടില്ല.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറ്റാന്‍ കയറ്റുമതിയും ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതടക്കം പത്തിന പരിപാടി സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

1.87 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള വന്‍ പദ്ധതികള്‍ക്ക് എത്രയും വേഗം എല്ലാ അനുമതികളും നല്‍കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

We use cookies to give you the best possible experience. Learn more