രൂപയുടെ തകര്‍ച്ച അവസാനിക്കുന്നില്ല; ഡോളറിന് 68.50 രൂപ
India
രൂപയുടെ തകര്‍ച്ച അവസാനിക്കുന്നില്ല; ഡോളറിന് 68.50 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2013, 10:38 am

[]മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച അവസാനിക്കുന്നില്ല. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തില്‍ ആദ്യമായി 68 കടന്നു. 68.50 എന്ന നിലയിലേക്കാണ് ഇന്ത്യന്‍ കറന്‍സി താഴ്ന്നടിഞ്ഞത്. []

കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 65.56 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ  രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം.

ഇന്നലെ രൂപയുടെ മൂല്യം 66 ആയിരുന്നു. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യതകര്‍ച്ച തുടരുകയായിരുന്നു. മാസാന്ത്യമായതോടെ ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിന് വന്‍ ഡിമാന്റ് ഉണ്ടായതും രൂപയ്ക്ക് തിരിച്ചടിയായതായി വിദഗ്ദര്‍ പറഞ്ഞു.

ഇന്നത്തെ നിലയനുസരിച്ച് ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ 68.50 രൂപ നല്‍കണം. ഈയാഴ്ച ഇതുവരെ ഏഴു ശതമാനം നഷ്ടമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ആഗസ്തില്‍ ഇതുവരെ ഏതാണ്ട് 12 ശതമാനം ഇടിവ്.

ചൊവ്വാഴ്ച 66.24 എന്ന റെക്കോഡ് താഴ്ചയിലായിരുന്നു ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ആ നിലയില്‍ നിന്ന് 178 പൈസയുടെ നഷ്ടമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും രൂപയുടെ മൂല്യം കുറയാന്‍ കാരണമാണ്.

വ്യാപാര കമ്മി കുത്തനെ ഉയരുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന ആശങ്കയുണര്‍ന്നതോടെ വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച മാത്രം 81 കോടി ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്. ഇത് തുടരുന്നതും വിലയിടിവിന് പ്രധാന കാരണമായി.

രാജ്യത്ത് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത് ധനക്കമ്മി ഉയര്‍ത്തുമെന്ന ആശങ്കയാണ് നാണ്യവിപണിയിലും ഓഹരി വിപണിയിലും പ്രതിഫലിക്കുന്നത്. മാസാന്ത്യത്തില്‍ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍തോതില്‍ ഡിമാന്‍ഡ് ഉണ്ടായതും രൂപയുടെ വിലയിടിവിന് കാരണമായി.

ക്രൂഡ് ഓയില്‍ ഓയില്‍ ഇറക്കുമതിക്ക് ഡോളര്‍ വന്‍തോതില്‍ ആവശ്യമായതാണ് നിലവിലെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. ഡോളര്‍ കൂടുതല്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതും രൂപയ്ക്ക് തുണയാലില്ല.

ഇപ്പോഴത്തെ നില തുടര്‍ന്നാണ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രൂപയുടെ മൂല്യം 69.70 നിലവാരത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ വിഷയത്തില്‍ കൈക്കൊണ്ടില്ലെങ്കില്‍ 1991ലേതിന് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ നീങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാന്‍ ഏവരും ക്ഷമയോടെ കാത്തിരിക്കണമെന്ന ധനമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയും വിപണിയെ തുണച്ചില്ല.