[]മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപയുടെ മൂല്യം താഴുന്നു. രാവിലത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം 65.12 ലെത്തി. []
ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം 65 ല്‍ താഴെയെത്തുന്നത്. ഡോളറിന് 64.11 എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക് ബുധനാഴ്ച ക്ലോസ് ചെയ്തത്.
ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ്.ആശങ്കകള്‍ ഉയര്‍ത്തി ഒരാഴ്ചയിലേറെയായി രൂപക്കെതിരെ ഡോളര്‍ ശക്തി പ്രാപിച്ചുവരികയാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ സൂചന ശക്തമാവുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ബാങ്കുകള്‍ വലിയ തോതില്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുകയാണ്.
ബുധനാഴ്ച പകല്‍ ഡോളറിന് 64.54 രൂപ എന്ന നിലയിലേക്ക് താഴ്ന്ന ശേഷമായിരുന്നു ക്ലോസിംഗ് സമയത്ത് രൂപയുടെ നില നേരിയ തോതില്‍ മെച്ചപ്പെട്ടത്. രൂപയുടെ മൂല്യത്തില്‍ ഒരുദിവസത്തെ നഷ്ടം 86 പൈസ(1.36 ശതമാനം) ആയിരുന്നു.
വിദേശനാണ്യവിനിമയത്തില്‍ അമേരിക്കന്‍ ഡോളറിനായി ബാങ്കുകളും ഇറക്കുമതിക്കാരും രംഗത്തിറങ്ങിയതോടെയാണ് രൂപയ്ക്ക് വീണ്ടും ഇന്നത്തെ വ്യാപാരത്തിലും തിരിച്ചടി നേരിട്ടത്. ഓഹരിവിപണിയെയും ഇത് ബാധിച്ചിട്ടുണ്ട്. സെന്‍സെക്‌സില്‍ 120 പോയിന്റോളം ഇടിവുണ്ടായി.
ഇന്ത്യന്‍ സമ്പദ് വ്യവ്‌സഥയെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന മൂല്യത്തകര്‍ച്ചക്ക് തടയിടുന്നതിന് സര്‍ക്കാറും റിസര്‍വ് ബാങ്കും നടത്തിയ ഇടപെടലുകള്‍ ലക്ഷ്യം കാണാതെ പോവുകയാണ്.
രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ചില നടപടികള്‍ സ്വീകരിച്ചിരുന്നു.
രൂപയുടെ വിലത്തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കുമേല്‍ റേറ്റിങ് ഭീഷണിയും ഉണ്ട്. എസ് ആന്‍ഡ് പി പോലുള്ള വിദേശ ഏജന്‍സികളുടെ തരംതാഴ്ത്തല്‍ കൂടിയെത്തിയാല്‍ സമ്പദ്ഘടന കൂടുതല്‍ പ്രതികൂലാവസ്ഥയിലാവുമെന്നാണ് അറിയുന്നത്.