അഹമ്മദാബാദ്: 22 വർഷങ്ങൾക്കിപ്പുറവും ഗുജറാത്ത് കലാപത്തിൽ നഷ്ടമായ തങ്ങളുടെ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ധാര ബായ് മോദിയും രൂപ ബെൻ മോദിയും.
13 വയസിൽ നഷ്ടമായ തങ്ങളുടെ മകൻ അസർ മോദി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോഴും.
ഗുജറാത്തിൽ 2022ൽ കൂട്ടക്കൊല നടന്ന ഗുൽബർഗ് സൊസൈറ്റിയിൽ ഓരോ വർഷവും ഫെബ്രുവരി 28ന് മോദി കുടുംബമുൾപ്പെടെ നിരവധി പേരാണ് സന്ദർശനം നടത്താറുള്ളത്. ഗുൽബർഗ് സൊസൈറ്റിയിൽ താമസിച്ചിരുന്ന 69 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
എല്ലാ വർഷവും തങ്ങളുടെ പഴയ വീട്ടിൽ സന്ദർശനം നടത്തുന്ന ദമ്പതികൾ ജനലുകൾക്കുൾപ്പെടെ അറ്റകുറ്റപ്പണികൾ പോലും നടത്താറുണ്ട്.
കലാപം നടക്കുമ്പോൾ ഗുൽബർഗ് സൊസൈറ്റിയിൽ എം.പിയായിരുന്ന അഹ്സൻ ജഫ്രിയുടെ വസതിയിൽ അഭയം തേടിയതായിരുന്നു രൂപയും മക്കളായ അസറും ബിനൈഫറും. കോൺഗ്രസ് എം.പിയായിരുന്ന ജഫ്രിയെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കലാപകാരികൾ അന്നേ ദിവസം കൊലപ്പെടുത്തി.
അക്രമ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അസറിന്റെ കൈവിട്ട് പോയി. അതിന് ശേഷം രൂപ അസറിനെ കണ്ടിട്ടേയില്ല.
‘എനിക്കെങ്ങനെ മറക്കാനാകും? എന്റെ കൈയിൽ ഇപ്പോഴും അന്നത്തെ പകുതി കത്തിയ എന്റെ വസ്ത്രങ്ങളുണ്ട്. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി എന്റെ മകനെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. എന്നാൽ എന്റെ മകനെ കണ്ടുപിടിക്കാൻ അവർക്ക് യാതൊരു താത്പര്യവുമില്ലായിരുന്നു,’ രൂപ പറഞ്ഞു.
തുടർന്ന് അസറിന്റെ ഫോട്ടോ പതിപ്പിച്ച നൂറുകണക്കിന് പോസ്റ്ററുകൾ രൂപയും ധാര ബായിയും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥാപനങ്ങളിലുമെല്ലാം വിതരണം ചെയ്തു.
19ഓളം പൊലീസ് സ്റ്റേഷനുകളിലും അവർ പോസ്റ്റർ ഒട്ടിച്ചിരുന്നു.
അസറിന് വേണ്ടി തിരഞ്ഞ് ബറോഡയിലേക്കും രാജ്കോട്ടിലേക്കും ജം നഗറിലേക്കും സൂറത്തിലേക്കുമെല്ലാം രൂപ യാത്ര ചെയ്തിരുന്നു. സൂചനകളുടെ അടിസ്ഥാനത്തിൽ ദൽഹിയിലും മധ്യപ്രദേശിലും ഒരിക്കൽ കേരളത്തിലും മകനെ അന്വേഷിച്ച് രൂപ പോയിരുന്നു.
22 വർഷങ്ങൾക്കിപ്പുറവും മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് രൂപയും ധാര ബായിയും.
Content Highlight: Rupa mody still hope o find her son who was lost in Gujarat riot