ഓക്‌സിജന്‍ പ്രശ്‌നം മാത്രമല്ല ടൈറ്റന് ഉള്ളിലുള്ളവര്‍ നേരിടുന്ന വെല്ലുവിളി: വിദഗ്ധര്‍
World News
ഓക്‌സിജന്‍ പ്രശ്‌നം മാത്രമല്ല ടൈറ്റന് ഉള്ളിലുള്ളവര്‍ നേരിടുന്ന വെല്ലുവിളി: വിദഗ്ധര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2023, 3:25 pm

വാഷിങ്ടണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഓക്‌സിജന്‍ തീര്‍ന്നു പോകുന്നത് മാത്രമല്ല അവര്‍ക്കുള്ള പ്രതിസന്ധിയെന്ന് വിദഗ്ധര്‍ പറയുന്നു. അന്തര്‍വാഹിനിയിലെ വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടിരിക്കാമെന്ന് ഹൈപ്പര്‍ബാറിക് മെഡിസിന്‍ വിദഗ്ധന്‍ കെന്‍ ലെഡെസ് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ടൈറ്റന്റെ ഉള്ളിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെയും അളവ് നിയന്ത്രിക്കുന്നതില്‍ വൈദ്യുതിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്റെ അളവ് കുറയുന്നതിനുസരിച്ച് അവര്‍ ശ്വസിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അനുപാതത്തില്‍ വര്‍ധനയുണ്ടാകുമെന്നും ഇത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ലെഡെസ് പറഞ്ഞു.

‘ടൈറ്റനില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളാനുള്ള സൗകര്യമില്ലാത്തതിനാല്‍ അതിന്റെ അളവ് കൂടുന്നതിനനുസരിച്ച് അവരെ ഇത് ഉറക്കത്തിലേക്ക് നയിച്ചേക്കാം. ആളുകളുടെ രക്തത്തില്‍ ഈ വാതകത്തിന്റെ അളവ് കൂടുന്നതിനെ ഹൈപ്പര്‍കാപ്നിയ എന്നാണ് പറയുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് ആളുകളെ മരണത്തിലേക്ക് വരെ നയിച്ചേക്കാം,’ അദ്ദേഹം പറഞ്ഞു.

അതേസമയം, താന്‍ ടൈറ്റന്റെ ഉള്ളിലെ വീഡിയോ പരിശോധിച്ചിരുന്നെന്നും കാര്‍ബഡൈ ഓക്‌സൈഡ് നീക്കം ചെയ്യുന്ന സംവിധാനം അന്തര്‍വാഹിനിക്കുള്ളില്‍ ഇല്ലെന്നും മുന്‍ റോയല്‍ നേവി അന്തര്‍വാഹിനി ക്യാപ്ടന്‍ റയാന്‍ റാംസെ പറഞ്ഞു. കപ്പലിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശരീരമാകെ തണുക്കുന്ന ഹൈപ്പോതെര്‍മിയയും അവര്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ശരീര താപനില കുറയുമ്പോള്‍ ഹൃദയത്തിനും നാഡീവ്യവസ്ഥക്കും മറ്റ് അവയവങ്ങള്‍ക്കും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതെര്‍മിയ. തണുത്ത കാലാവസ്ഥയോ വെള്ളത്തില്‍ മുങ്ങുകയോ ചെയ്യുമ്പോഴാണ് ഹൈപ്പോതെര്‍മിയ ഉണ്ടാകാറ്.

അന്തര്‍വാഹിനി കടലിന്റെ അടിയിലാകുമ്പോള്‍ ജലത്തിന്റെ താപനില പൂജ്യം ഡിഗ്രി ആയിരിക്കും. അന്തര്‍വാഹിനിയില്‍ വൈദ്യുതി കൂടി നഷ്ടപ്പെട്ടാല്‍ ഉള്ളില്‍ ചൂടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് അഞ്ചംഗങ്ങളുമായി പോയ ടൈറ്റന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങി കാണാതാകുന്നത്. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ കനേഡിയന്‍ റിസര്‍ച്ച് ഐസ് ബ്രേക്കര്‍ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പൗള്‍ ഹെന്റി നര്‍ഗോലെറ്റ്, ഓഷ്യന്‍ ഗേറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് സാഹസികനായ ഹമിഷ് ഹര്‍ഡിങ് എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്.

Content Highlight: Running out of Oxygen is not only the problem for missing sub; Experts