സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജം. മുന്‍ സിംബാബ്‌വെ താരം ഹെന്‍ റി ഒലോങ്കയാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ തിരുത്തി രംഗത്തെത്തിയത്. ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുകയാണെന്നും ഒലോങ്ക പറഞ്ഞു. സ്ട്രീക്കുമായി നടത്തിയ വാട്‌സാപ്പ് ചാറ്റ് പങ്കുവെച്ചുകൊണ്ടാണ് ഒലോങ്ക ഇക്കാര്യം അറിയിച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാര്‍ത്ത ഒലോങ്കയും പങ്കുവെച്ചിരുന്നു.
‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അതിശയോക്തിപരമാണ്. വിഷയത്തില്‍ എനിക്ക് സ്ഥിരീകരണം ലഭിച്ചു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. തേര്‍ഡ് അമ്പയര്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്,’ ഒലോംഗ ട്വീറ്റ് ചെയ്തു.
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ സ്ട്രീക്ക് മരിച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. ലോക ക്രക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു സ്ട്രീക്ക്. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണകാലത്ത് ടീമിനെ നയിച്ചത് സ്ട്രീക്കായിരുന്നു. 2005ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.
സിംബാബ്‌വെക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 65 ടെസ്റ്റുകളില്‍ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്‌വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ആകെ 4,933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി.
വിരമിച്ച ശേഷം പരിശീലകനായും ഹീത്ത് സ്ട്രീക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളെ പരിശീലകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Content Highlights: Rumours of the demise of Heath Streak have been greatly exaggerated