| Friday, 30th March 2018, 4:01 pm

വാജ്‌പേയിയെയും 'കൊന്ന്' സോഷ്യല്‍മീഡിയ; മുന്‍ പ്രധാനമന്ത്രി വാജ്‌പേയി മരിച്ചതായി വാട്‌സ്അപ്പ് പ്രചാരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ബിഹാരി വാജ്‌പേയി മരിച്ചതായി വാട്‌സ്അപ്പില്‍ പ്രചാരണം. വാട്‌സ് അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചാരണം ശക്തമായതോടെ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് മറുപ്രചാരണവും വാട്‌സ് അപ്പില്‍ ശക്തമായി. എന്നാല്‍ ബി.ജെ.പി ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

ഇത് ആദ്യമായല്ല സോഷ്യല്‍മീഡിയ വാജ്‌പേയി മരിച്ചെന്ന് പറയുന്നത്. 2015 ലും ഇത്തരം പ്രചാരണം ഉണ്ടായിരുന്നു. വ്യാജവാര്‍ത്തയെ തുടര്‍ന്ന് ബീഹാറിലെ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനുശോചനത്തിന് സ്‌കൂള്‍ അസംബ്ലി വരെ വിളിച്ച് കൂട്ടിയിരുന്നു. 2016ല്‍ പ്രചരിച്ച വാര്‍ത്തയെത്തുടര്‍ന്ന് ഒരു സ്‌കൂളില്‍ വാജ്‌പേയിക്ക് വേണ്ടി മെഴുകുതിരി കത്തിക്കുകയും ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ കാരണം ഇതിന് മുന്‍പും സെലിബ്രിറ്റികള്‍ മരിച്ചെന്നുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹോളിവുഡ് നടനായ സില്‍വര്‍സ്റ്റണ്‍ സ്റ്റാലില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കാരണം മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ മാസം വൈറലായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരം തന്നെ കുപിതനായി രംഗത്ത് വന്നു. മലയാള നടന്മാരായ വിജയരാഘവന്‍, മാമുക്കോയ തുടങ്ങിയവര്‍ മരിച്ചതായും ഈ അടുത്ത കാലത്ത് പ്രചാരണമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more