തൃശ്ശൂര്‍: ആരാധകര്‍ ഏറെ പ്രതിക്ഷയോടെയാണ് മോഹന്‍ലാല്‍ നായകനാവുന്ന ഒടിയനെ കാത്തിരിക്കുന്നത്. വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലാലേട്ടന് പുറമേ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന് സിദ്ധിഖ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിനെ കുറിച്ചുള്ള ഒരോ വാര്‍ത്തകളും ആവേശപൂര്‍വ്വമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിത്രത്തില്‍ ഒടിയന് മാണിക്യന് ആവാന്‍ കിടിലന്‍ മേക്ക് ഓവറാണ് മോഹന്‍ലാല്‍ നടത്തിയത്. അന്‍പത്തിയഞ്ച് ദിവസം കൊണ്ട് പതിനെട്ട് കിലോ ഭാരമാണ് മോഹന്‍ലാല്‍ കുറച്ചത്.
ഇപ്പോള്‍ ഇതാ മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഒടിയനില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആതിരപ്പിള്ളിയില്‍ ഇപ്പോള്‍ ഗാന ചിത്രീകരണം നടക്കുന്ന ഒടിയന്റെ ലൊക്കേഷന്‍ മമ്മൂട്ടി സന്ദര്‍ശിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാണിക്യന് എന്ന കഥാപാത്രത്തിനെ ചെറുപ്പത്തില്‍ ഒടി വിദ്യ പഠിപ്പിക്കുന്ന ഗുരുവായാണ് മമ്മൂക്ക എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത് എന്നാല്‍ ഈ വാര്‍ത്ത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Dool video