അമല പോളിനെക്കുറിച്ചുള്ള അപവാദങ്ങള്‍ അസംബന്ധമെന്ന് മില്ലേനിയം ഗോള്‍ഡ്
Daily News
അമല പോളിനെക്കുറിച്ചുള്ള അപവാദങ്ങള്‍ അസംബന്ധമെന്ന് മില്ലേനിയം ഗോള്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd December 2014, 1:10 pm

amala-02പ്രശസ്ത ചലച്ചിത്രതാരം അമല പോളിനെക്കുറിച്ചുള്ള അപവാദങ്ങള്‍ അസംബന്ധമെന്ന് മില്ലേനിയം ഗോള്‍ഡ്. കഴിഞ്ഞ കുറച്ചു നാളുകളായി അമല പോളിനെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട “മില്ലേനിയം ഗോള്‍ഡ്” അമല പോളുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. മില്ലേനിയം ഗോള്‍ഡുമായുണ്ടാക്കിയ കരാര്‍ ലംഘിച്ച് അമല മറ്റൊരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറായതാണ് കരാര്‍ റദ്ദാക്കാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് മില്ലേനിയം ഗോള്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

” അമല പോളുമായുള്ള കരാര്‍ അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട്  ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മോശമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.  ഇത് വെറും അസംബന്ധമാണ്.” മില്ലേനിയം ഗോള്‍ഡ് പറയുന്നു.

അമല പോള്‍ ജോലിയില്‍ വലിയ ആത്മാര്‍ത്ഥതയുള്ളയാളാണെന്നും അവര്‍ക്ക് നല്ല ഇമേജാണ് ഉള്ളതെന്നും മില്ലേനിയം പറയുന്നു. വരും വര്‍ഷങ്ങളിലും തങ്ങള്‍ അമല പോളുമായുള്ള കരാര്‍ പുതുക്കുമെന്നും മില്ലേനിയം കൂട്ടിച്ചേര്‍ത്തു.

മില്ലേനിയം ഗോള്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമല പോളിനെ ജ്വല്ലറി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കികൊണ്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.