ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ദല്‍ഹി ഘടകം അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പഞ്ചാബ് മുന്‍ മന്ത്രിയായ നവജോത് സിങ് സിദ്ധുവിനെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷം ദല്‍ഹി അധ്യക്ഷന്റെ കാര്യത്തിലും തീരുമാനമുണ്ടാവുമെന്നും സിദ്ധുവിന് പദവി നല്‍കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അത്തരമൊരു ചര്‍ച്ച നടന്നതായി തനിക്ക് അറിയില്ലെന്ന് ദല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ പറഞ്ഞു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പി.സി.സി ഒരു യോഗവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മരിക്കുന്നത് വരെ ഷീലാ ദീക്ഷിതിനായിരുന്നു അധ്യക്ഷ ചുമതല. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വിഭാഗീയത അടക്കമുളള സംഘടനാ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴായിരുന്നു ഷീല ദീക്ഷിതിന്റെ മരണം.
അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ സിദ്ധു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. മുഖ്യമന്ത്രിയ്ക്ക് നല്‍കുന്നതിന് പകരം രാഹുല്‍ഗാന്ധിയ്ക്കായിരുന്നു അദ്ദേഹം രാജി നല്‍കിയിരുന്നത്.
മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് സിദ്ധു പാര്‍ട്ടി വിടുമെന്നും മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.