| Friday, 4th October 2024, 6:06 pm

ടോക്‌സിക് ഉപേക്ഷിക്കാനൊരുങ്ങുന്നു? യാഷിനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ ഇന്‍ഡസ്ട്രിക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു കെ.ജി.എഫ്. സ്വന്തം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി ലോകം കീഴടക്കാന്‍ ഇറങ്ങി പുറപ്പെട്ട റോക്കി എന്ന ഡോണിന്റെ കഥ പ്രേക്ഷകര്‍ക്ക് ഹരമായിരുന്നു. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായി മാറി. 1000 കോടിയാണ് കെ.ജി.എഫ് 2 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. യാഷ് എന്ന നടന്റെ ഉദയം കൂടിയായിരുന്നു കെ.ജി.എഫ്.

കെ.ജി.എഫിന് ശേഷം യാഷ് നായകനാകുന്ന ചിത്രമാണ് ടോക്‌സിക്. മലയാളിയായ ഗീതു മോഹന്‍ദാസാണ് ടോക്‌സിക് അണിയിച്ചൊരുക്കുന്നത്. സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു ടോക്‌സിക്കിന്റേത്. 200 കോടി ബജറ്റില്‍ പാന്‍ ഇന്ത്യനായാണ് ടോക്‌സിക് പ്രേക്ഷകരിലേക്കെത്തുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആദ്യ മാസ് എന്റര്‍ടൈനര്‍ കൂടിയാണ് ടോക്‌സിക്. എന്നാല്‍ ചിത്രം ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

യാഷ് എന്ന സ്റ്റാറിന് ചേരുന്ന സ്‌ക്രിപ്റ്റല്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നതുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റൂമറുകളിലൊന്ന്. എന്നാല്‍ യാഷും ഗീതു മോഹന്‍ദാസും തമ്മില്‍ കഥയെച്ചൊല്ലിയുള്ള തര്‍ക്കം കാരണമാണ് ഉപേക്ഷിച്ചതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നയന്‍താര, കിയാറ അദ്വാനി, ശ്രുതി ഹാസന്‍, കരീന കപൂര്‍, നവാസുദ്ദിന്‍ സിദ്ദിഖി തുടങ്ങി വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന റൂമറുകള്‍ സത്യമാണെങ്കില്‍ യാഷിനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

കെ.ജി.എഫിന്റെ രണ്ടാം ഭാഗം റിലീസായതിന് ശേഷം രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് യാഷിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ടോക്‌സിക്കിന് ശേഷമുള്ള യാഷിന്റെ സിനിമയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി അണിയിച്ചൊരുക്കുന്ന രാമായണയില്‍ രാവണനായി യാഷ് എത്തുമെന്ന റൂമറുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ടോക്‌സികിന്റെ നിര്‍മാതാക്കള്‍. വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69ന്റെ നിര്‍മാതാക്കളും കെ.വി.എന്‍ തന്നെയാണ്. ഒരേസമയം രണ്ട് ഇന്‍ഡസ്ട്രിയിലെ രണ്ട് സ്റ്റാറുകളെ വെച്ച് സിനിമകള്‍ ചെയ്യുക എന്ന വലിയ റിസ്‌കാണ് കെ.വി.എന്‍ എടുക്കുന്നത്.

Content Highlight: Rumors that Yash’s new movie Toxic dropped

We use cookies to give you the best possible experience. Learn more