| Monday, 2nd December 2024, 9:10 am

ബോക്‌സ് ഓഫീസില്‍ അജിത്തും അജിത്തും ഏറ്റുമുട്ടുമോ? ക്ലാഷ് പ്രതീക്ഷിച്ച് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് അജിത് കുമാര്‍. ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിട്ടിട്ടും ഓഡിയോ ലോഞ്ച് പോലുള്ള പ്രൊമോഷന് പങ്കെടുക്കാതിരുന്നിട്ടും താരത്തിന്റെ ജനപ്രീതിക്ക് കുറവ് സംഭവിച്ചിട്ടില്ല. സിനിമയോടൊപ്പം തന്റെ പാഷനായ യാത്രകളും ഒരുപോലെ കൊണ്ടുനടക്കുന്ന അജിത്തിനെ സ്‌നേഹപൂര്‍വം തലയെന്ന് ആരാധകര്‍ അഭിസംബോധന ചെയ്തിരുന്നു. എന്നാല്‍ ആ പേരും തന്നെ വിളിക്കരുതെന്ന് ആരാധകരോട് അജിത് ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം അജിത്തിന്റേതായി ഒരു സിനിമ പോലും തിയേറ്ററുകളില്‍ എത്തിയിരുന്നില്ല. 2023ല്‍ ഷൂട്ട് തുടങ്ങിയ വിടാമുയര്‍ച്ചി പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോവുകയായിരുന്നു. ഈ വര്‍ഷം പകുതിയോടെ പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയിലും താരം ജോയിന്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് ചിത്രങ്ങളും തമ്മില്‍ ക്ലാഷ് റിലീസ് ഉണ്ടായേക്കും എന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ 2025 പൊങ്കല്‍ സീസണ് റിലീസ് ചെയ്യുമെന്നാണ് ഗുഡ് ബാഡ് അഗ്ലിയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ വിടാമുയര്‍ച്ചിയുടെ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് ഡേറ്റ് അറിയിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറില്‍ വിടാമുയര്‍ച്ചിയും പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജിത് x അജിത് ക്ലാഷ് ഉണ്ടാകുമോ എന്ന ചോദ്യം ഉയര്‍ന്നുവന്നത്.

തടം, തടയര താര്‍ക്ക, മീയാത മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ മഗിഴ് തിരുമേനിയാണ് വിടാമുയര്‍ച്ചി സംവിധാനം ചെയ്യുന്നത്. അര്‍ജുനാണ് ചിത്രത്തിലെ വില്ലന്‍. തൃഷ, റെജീന കസാന്‍ഡ്ര, ആരവ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹോളിവുഡ് ചിത്രം ബ്രേക്ക് ഡൗണിന്റെ റീമേക്കായാണ് വിടാമുയര്‍ച്ചി ഒരുങ്ങുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മാര്‍ക്ക് ആന്റണിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക്, തന്റെ ഇഷ്ടനടനെ എങ്ങനെ അവതരിപ്പിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് സിനിമാലോകം. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലീക്കായ ഫോട്ടോകളില്‍ അജിത്തിന്റെ ലുക്ക് വലിയ ചര്‍ച്ചയായിരുന്നു. അജിത്തിന് പുറമെ പ്രഭു, അര്‍ജുന്‍ ദാസ്, സുനില്‍ തുടങ്ങിയവരും ചിത്ത്രതില്‍ വേഷമിടുന്നുണ്ട്.

രണ്ട് ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് റിലീസ് മാറ്റിവെക്കേണ്ടി വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്താല്‍ കളക്ഷനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവാണ് ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ അജിത് ചിത്രം.

Content Highlight: Rumors that Vidamuyarchi  will have clash release with Good Bad Ugly

Video Stories

We use cookies to give you the best possible experience. Learn more