സിനിമാലോകത്തെ ഒട്ടാകെ അമ്പരപ്പിച്ച അനൗണ്‍സ്‌മെന്റായിരുന്നു സൂര്യയുടെ 44ാം ചിത്രത്തിന്റേത്. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജ് സൂര്യയുമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ചിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രൊമോ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
1980കളില്‍ നടക്കുന്ന കഥയാണെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമായിരുന്നു. സൂര്യ 44 എന്ന് താത്കാലിക ടൈറ്റില്‍ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഡിസംബര്‍ 25ന് പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം രജിനികാന്തിന്റെ ജോണി എന്ന സിനിമയുടെ റീക്രിയേഷനാകുമെന്നുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
ലോകേഷ് കനകരാജ് തന്റെ ഇഷ്ടനാടനായ കമല്‍ ഹാസന്റെ പഴയകാല ചിത്രം വിക്രത്തിലെ നായകനെ പുനഃസൃഷ്ടിച്ചതുപോലെ കാര്‍ത്തിക് സുബ്ബരാജും തന്റെ ആരാധനാപാത്രത്തിന് ട്രിബ്യൂട്ട് നല്‍കുന്ന രീതിയിലാകും സൂര്യ 44 അണിയിച്ചൊരുക്കുക എന്നാണ് റൂമറുകള്‍. കള്‍ട്ട്, കള്‍പ്രിറ്റ്, ജോണി എന്നീ പേരുകളിലൊന്നാകും സൂര്യ 44ന്റെ ടൈറ്റില്‍ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മഹേന്ദ്രന്‍ സംവിധാനം ചെയ്ത് 1980ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണി. രജിനികാന്ത് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. ജോണി എന്ന തട്ടിപ്പുകാരനായും വിദ്യാസാഗര്‍ എന്ന ബാര്‍ബറായുമാണ് രജിനികാന്ത് ചിത്രത്തില്‍ വേഷമിട്ടത്. ജോണിയുടെ അതേ ഗെറ്റപ്പിലാണ് സൂര്യ കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നതും പുറത്തുവരുന്ന റൂമറുകളെ ശക്തമാക്കുന്നുണ്ട്.
ആന്‍ഡമാനിലും ചെന്നൈയിലുമായി ഷൂട്ടിങ് അവസാനിച്ച ചിത്രം 2025 മാര്‍ച്ചിലോ ഏപ്രിലിലോ തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്. പൂജ ഹെഗ്‌ഡേ നായികയാകുന്ന ചിത്രത്തില്‍ ജയറാം, ജോജു ജോര്‍ജ്, പ്രകാശ് രാജ്, തമിഴ്, കരുണാകരന്‍, നാസര്‍, ശ്രിയ ശരണ്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീതം. സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Rumors that Surya 44 will be the remake of Rajnikanth’s Johnny movie