തമിഴിലെ മികച്ച നടന്മാരില്‍ മുന്‍പന്തിയിലുള്ള നടനാണ് സൂര്യ. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് നന്ദ, പിതാമകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടനെന്ന പേരെടുത്തു. കാക്ക കാക്ക, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് വളരെ വേഗം നടന്നുകയറാന്‍ സൂര്യക്ക് സാധിച്ചു. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് സൂര്യയെ തേടിയെത്തി.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ സൂര്യയുടെ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ കങ്കുവ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രമായി മാറിയിരുന്നു. 250 കോടി ബജറ്റിലെത്തിയ ചിത്രം 130 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ പരാജയങ്ങളില്‍ നിന്ന് സൂര്യ തിരിച്ചുവരാന്‍ ശ്രമിക്കുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.
വര്‍ഷത്തില്‍ രണ്ട് സിനിമ വെച്ച് ചെയ്യുമെന്ന് കങ്കുവക്ക് പിന്നാലെ സൂര്യ അറിയിച്ചിരുന്നു. ഈ വര്‍ഷം സൂര്യയുടേതായി രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. തുടര്‍ന്നങ്ങോട്ട് രണ്ട് ചിത്രങ്ങള്‍ മലയാളത്തിലെ സംവിധായകരെ വെച്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ സ്‌റ്റൈലിഷ് സംവിധായകനായ അമല്‍ നീരദിനൊപ്പമുള്ള പ്രൊജക്ടാണ് ഇതിലൊന്ന് എന്നാണ് റൂമറുകള്‍.
2022ല്‍ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോള്‍ അമല്‍ നീരദുമൊത്ത് വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് സൂര്യ പറഞ്ഞിരുന്നു. റെട്രോയുടെ ഷൂട്ടിനായി ഇടുക്കിയിലെത്തിയ സൂര്യ അമല്‍ നീരദുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. ബോഗെയ്ന്‍വില്ലക്ക് ശേഷം അമല്‍ നീരദ് പുതിയ പ്രൊജക്ടുകള്‍ ഒന്നും മലയാളത്തില്‍ അനൗണ്‍സ് ചെയ്യാത്തത് ഈ റൂമറിനെ ശക്തിപ്പെടുത്തുന്നു.
സംവിധായകനായും നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ ബേസിലുമായും സൂര്യ കൈകോര്‍ക്കുന്നെന്ന് അഭ്യൂഹങ്ങളുണ്ട്. മിന്നല്‍ മുരളിക്ക് ശേഷം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബേസില്‍, പുതിയൊരു സബ്ജക്ട് ആലോചിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം പകുതിയോടെ സൂര്യ- ബേസില്‍ ജോസഫ് പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയാണ് സൂര്യയുടെ അടുത്ത റിലീസ്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സൂര്യ പ്രത്യക്ഷപ്പെടുന്ന റെട്രോയുടെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. പൂജ ഹെഗ്‌ഡേ നായികയാകുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ന്റെ ചിത്രീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്‍ഡിപ്പെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സായ് അഭയങ്കറാണ് ചിത്രത്തിന്റെ സംഗീതം. ഈ വര്‍ഷം ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍, എല്‍.സി.യുവില്‍ വില്ലനായി എത്തുന്ന കൈതി 2, റോളക്‌സ് എന്നീ ചിത്രങ്ങളും സൂര്യയുടെ ലൈനപ്പിലുണ്ട്.
Content Highlight: Rumors that Suriya joining hands with Amal Neerad and Basil Joseph