തമിഴ് സിനിമയില്‍ നിലവില്‍ ഫാമിലി സപ്പോര്‍ട്ടും യുവാക്കളുടെ പിന്തുണയും വേണ്ടുവോളമുള്ള നടനാണ് ശിവകാര്ത്തികേയന്. എന്റര്ടൈന്മന്റ് സിനിമകളിലൂടെ കരിയര്‍ തുടങ്ങിയ ശിവ വ്യത്യസ്ത തീമിലുള്ള ചിത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് കഴിഞ്ഞകുറച്ചുകാലങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരന് തമിഴ്നാട്ടില്‍ ഗംഭീരപ്രതികരണങ്ങളുമായി മുന്നേറുകയാണ്. വിജയ് ഒഴിച്ചിട്ട സ്ഥാനത്തേക്ക് അടുത്ത താരമായി ശിവകാര്ത്തികേയന് ഉയര്‍ന്നുവരുമെന്ന് പലരും പ്രവചിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ശിവയുടെ 25ാമത് ചിത്രവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സുധാ കൊങ്കരയാണ് ശിവയുടെ 25ാമത്തെ ചിത്രം അണിയിച്ചൊരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുമെന്ന് അനൗണ്‍സ് ചെയ്ത പുറനാനൂറാണ് ഇപ്പോള്‍ ശിവാകാര്ത്തികേയനെ വെച്ച് ഒരുക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സൂര്യക്ക് പുറമെ ദുല്‍ഖര്‍ സല്മാന്, നസ്രിയ, വിജയ് വര്‍മ തുടങ്ങി വന്‍ താരനിര പുറനാനൂറിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് സൂര്യ ആ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചിത്രം ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ സൂര്യക്ക് പകരം ശിവകാര്‍ത്തികേയനെ വെച്ച് പുറനാനൂറ് അണിയിച്ചൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖറിന്റെ വേഷത്തിലേക്ക് അഥര്‍വയും നസ്രിയക്ക് പകരം ശ്രീലീലയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റൂമറുകള്‍. വിജയ് വര്‍മ ചെയ്യാനിരുന്ന വില്ലന്‍ വേഷത്തിലേക്ക് ജയം രവി എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 1980കളുടെ പശ്ചാത്തലത്തില്‍ ഹിന്ദി അടിച്ചേല്പിക്കുന്നതിനെതിരെ നടത്തുന്ന പോരാട്ടമാകും പുറനാനൂറിന്റെ കഥ. ശിവകാര്‍ത്തികേയന്റെ സ്റ്റാര്‍ഡം ഉയരത്തിലെത്തിക്കാന്‍ കഴിവുള്ള ചിത്രമാകും എസ്.കെ. 25 എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ എ.ആര്.മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാര്ത്തികേയന് അഭിനയിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യുത് ജംവാലാണ് വില്ലന്‍. സപ്ത സാഗരദാച്ചെ എല്ലോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. മലയാളി താരം ബിജു മേനോനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Content Highlight: Rumors that Sivkarthikeyan’s 25th film will be Purananooru directed by Sudha Kongara