| Sunday, 13th October 2024, 4:04 pm

ഡി.ക്യൂ ഹോം കമിങ്.., സംഗതി കളറാക്കാന്‍ ആര്‍.ഡി.എക്‌സിന്റെ സംവിധായകനൊപ്പം തമിഴ് താരവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ഏത് സിനിമയായാലും ബിഗ് എംസിന് ശേഷം ഏറ്റവുമയുര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ ഇടാന്‍ കെല്പുള്ള നടനാണ് ദുല്‍ഖര്‍. കൊവിഡ് കാലത്ത് പകുതി ഒക്ക്യുപ്പന്‍സിയില്‍ റിലീസ് ചെയ്ത കുറുപ്പ് റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. നെഗറ്റീവ് റിവ്യൂ വന്ന കിങ് ഓഫ് കൊത്ത പോലും ആദ്യദിനം മികച്ച കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദുല്‍ഖര്‍ മലയാളത്തില്‍ ഒരു സിനിമ പോലും ചെയ്തിരുന്നില്ല.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ കല്‍ക്കിയിലും ദുല്‍ഖറിന്റെ സാന്നിധ്യമുണ്ടായിരുന്നു. വെറും മിനിറ്റുകള്‍ മാത്രമുള്ള വേഷമായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. കല്‍ക്കിക്ക് ശേഷം മറ്റൊരു തെലുങ്ക് ചിത്രവുമായാണ് ദുല്‍ഖര്‍ എത്തുന്നത്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കറാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ലക്കി ഭാസ്‌കറിന് ശേഷം അടുത്ത തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടും പുരോഗമിക്കുകയാണ്.

കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആര്‍.ഡി.എക്‌സിന്റ സംവിധായകന്‍ നഹാസ് ഹിദായത്തുമായാണ് ദുല്‍ഖര്‍ കൈകോര്‍ക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് താരം എസ്.ജെ സൂര്യയും ഭാഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റൂമറുകള്‍. മലയാളത്തിന്റെ പുത്തന്‍ ആക്ഷന്‍ ഹീറോ ആന്റണി വര്‍ഗീസും ദുല്‍ഖറിനൊപ്പം കൈകോര്‍ക്കുന്നുണ്ടെന്നും റൂമറുകളുണ്ട്.

നിലവില്‍ തമിഴിലെ മികച്ച പെര്‍ഫോമര്‍മാരിലൊരാളായ എസ്.ജെ. സൂര്യ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഗ്യാങ്സ്റ്റര്‍ കോമഡി ഴോണറിലുള്ള ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍.ഡി.എക്‌സിന് ശേഷം ഒരു വര്‍ഷത്തോളം സമയമെടുത്ത് നഹാസ് തയാറാക്കിയ സ്‌ക്രിപ്റ്റിലൂടെ ദുല്‍ഖര്‍ മലയാളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കുമെന്നാണ് കരുതുന്നത്. ജേക്‌സ് ബിജോയോ സാം സി.എസ്സോ ആകും ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2025ന്റെ തുടക്കത്തില്‍ ഷൂട്ട് ആരംഭിക്കുമെന്നും പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that S J Surya might be a part of Dulquer Salman’s new movie directed by Nahas Hidayath

We use cookies to give you the best possible experience. Learn more