Advertisement
Film News
നോ വേ ഹോമിന് മേലെ നില്‍ക്കുന്ന ഐറ്റമാകും, നാലാം ഭാഗത്തില്‍ സ്‌പൈഡര്‍മാന് നേരിടാനുള്ള വില്ലന്‍ ചില്ലറക്കാരനല്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 08, 11:28 am
Tuesday, 8th October 2024, 4:58 pm

മാര്‍വല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ 4. വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടിയ നോ വേ ഹോമിന് ശേഷം സ്‌പൈഡര്‍മാന് എന്ത് സംഭവിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മള്‍ട്ടിവേഴ്‌സിലൂടെ ആദ്യകാലത്ത് സ്‌പൈഡര്‍മാനെ അവതരിപ്പിച്ച ടോബി മഗ്വയര്‍, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് എന്നിവരെ നോ വേ ഹോമില്‍ എത്തിച്ചിരുന്നു. ഇരുവരുടെയും എന്‍ട്രി തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ സ്‌പൈഡര്‍മാന്റെ നാലാം ഭാഗത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ടോം ഹോളണ്ട് അവതരിപ്പിക്കുന്ന പീറ്റര്‍ പാര്‍ക്കറിനൊപ്പം ആന്‍ഡ്രുവും ടോബിയും നാലാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആന്‍ഡ്രുവിന്റെയും ടോബിയുടെയും യൂണിവേഴ്‌സിലെ കാര്യങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുക. മാര്‍വലിന്റെ ഫേസ് സിക്‌സിലെ പ്രധാന ആകര്‍ഷണമായ ഡോക്ടര്‍ ഡൂം സ്‌പൈഡര്‍മാന്‍ 4ല്‍ ഭാഗമാകുമെന്നുള്ള റൂമറുകളും പുറത്തുവരുന്നുണ്ട്.

ഷാങ് ചീ എന്ന ചിത്രത്തിലൂടെ മാര്‍വലിന്റെ ഭാഗമായ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണാണ് നാലാം ഭാഗം അണിയിച്ചൊരുക്കുന്നത്. സ്‌പൈഡര്‍മാന്‍, ഡോക്ടര്‍ ഡൂം എന്നിവര്‍ക്കൊപ്പം വെനവും നാലാം ഭാഗത്തില്‍ എത്തിയേക്കുമെന്നുള്ള റൂമറുകള്‍ സജീവമാണ്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2008 മുതല്‍ 2019 വരെ മാര്‍വലിന്റെ മുഖമായിരുന്ന റോബര്‍ട് ഡൗണി ജൂനിയറാണ് ഡോക്ടര്‍ ഡൂമിനെ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ ഡൂമായി എത്തുന്നത് ആര്‍.ഡി.ജെയാണെന്ന വാര്‍ത്ത സിനിമാലോകത്തെ ഒട്ടാകെ അമ്പരപ്പിച്ചിരുന്നു. സാന്‍ ഡിയാഗോ കോമിക് കോണിലാണ് മാര്‍വല്‍ ഇക്കാര്യം അറിയിച്ചത്. മാര്‍വലിന്റെ ഫേസ് ഒന്നുമുതല്‍ മൂന്ന് വരെ അയണ്‍ മാന്‍ എന്ന കഥാപാത്രമായത് ആര്‍.ഡി.ജെ ആയിരുന്നു.

മാര്‍വലിലേക്കുള്ള മടങ്ങിവരവില്‍ നായകനെക്കാള്‍ ശക്തനായ വില്ലനെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിക്കുന്നത്. ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനിലൂടെ എക്‌സ് മെന്‍ കോമിക്‌സിനെയും സ്വന്തമാക്കിയ മാര്‍വലിന്റെ ഇനിയുള്ള സിനിമകള്‍ക്ക് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Rumors that Robert Downey Jr might be part of Spiderman 4