|

പുഷ്പ 2 ഈ വര്‍ഷം ഉണ്ടാകില്ല? ആരാധകര്‍ നിരാശയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രമികള്‍ ഈ വര്‍ഷേ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍- സുകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ തുടര്‍ച്ചയാണ്. പുഷ്പ എന്ന സാധാരണക്കാരന്‍ ആന്ധ്രയിലെ ചന്ദനക്കടത്ത് സിന്‍ഡിക്കേറ്റിന്റെ തലവനാകുന്നതാണ് ചിത്രത്തിന്റെ കഥ. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായി ഫഹദ് എത്തുന്നിടത്താണ് ആദ്യഭാഗം അവസാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള സീനുകള്‍ക്ക് വന്‍ വരവേല്പാണ് ലഭിച്ചത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ വിജയമായ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടിയോളം കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 100 കോടിയാണ് കളക്ട് ചെയ്തത്. ബോക്‌സ് ഓഫീസ് വിജയത്തിലുപരി പുഷ്പ എന്ന കഥാപാത്രത്തിന് കിച്ചിയ റീച്ച് പ്രതീക്ഷിച്ചതിലും വലുതായിരുന്നു. ക്രിക്കറ്റ്, രാഷ്ട്രീയ മേഖലകളിലെ പലരും പുഷ്പയുടെ ഡയലോഗും മാനറിസവും അനുകരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് 15ന് പുഷ്പയുടെ രണ്ടാം ഭാഗം റിലീസാകുമെന്നാണ് ആദ്യം വന്ന വാര്‍ത്ത. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റില്‍ നിന്ന് മാറ്റിവെച്ചു
എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും ബാക്കിയുണ്ടെന്ന കാരണത്താലാണ് റിലീസ് മാറ്റിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റെക്കോഡ് തുകക്കാണ് പുഷ്പ 2ന്റെ ഓരോ റൈറ്റ്‌സും വിറ്റുപോയത്. പ്രശസ്ത വിതരണക്കമ്പനിയായ എ.എ ഫിലിംസിന് 200 കോടിക്കാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം വിറ്റുപോയത്. അതോടൊപ്പം ഒ.ടി.ടി. റൈറ്റസും 200 കോടിക്കു മുകളില്‍ വിറ്റുപോയി. ഒരു തെലുങ്ക് സിനിമക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. ഹിന്ദി, തെലുങ്ക് സാറ്റ്‌ലൈറ്റ് റൈറ്റ്‌സിന്റെ തുക കൂടി കൂട്ടി നോക്കുമ്പോള്‍ റിലീസിന് മുന്നേ തന്നെ 700 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. പുതിയ റിലീസ് ഡേറ്റ് എന്നാകും എന്ന ആകാംക്ഷയിലാണ് സിനിമാലോകം.

Content Highlight: Rumors that Pushpa 2 release has postponed from august

Latest Stories

Video Stories