പാന്‍ ഇന്ത്യന്‍ വിട്ട് രാജുവേട്ടന്‍ രാജമൗലിയോടൊപ്പം പാന്‍ വേള്‍ഡിലേക്കോ?
Film News
പാന്‍ ഇന്ത്യന്‍ വിട്ട് രാജുവേട്ടന്‍ രാജമൗലിയോടൊപ്പം പാന്‍ വേള്‍ഡിലേക്കോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd July 2024, 4:23 pm

നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ പൃഥ്വിരാജിന് സാധിച്ചു. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ അണിയിച്ചൊരുക്കിയ സലാറില്‍ നായകതുല്യ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന മറ്റൊരു വലിയ സിനിമയില്‍ പൃഥ്വി ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലി സിരീസിലൂടെ തെലുങ്ക് സിനിമയെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തിച്ച, ആര്‍.ആര്‍.ആറിലൂടെ തെലുങ്കിലേക്ക് ആദ്യമായി ഓസ്‌കര്‍ എത്തിച്ച രാജമൗലിയുടെ പുതിയ ചിത്രത്തിലെ പ്രധാന വില്ലനായി പൃഥ്വിയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവാണ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ നായകന്‍. ചരിത്രവും പുരാണവും വിട്ട് അഡ്വഞ്ചര്‍ ഫാന്റസി ഴോണറില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്ന് രാജമൗലി പറഞ്ഞിരുന്നു. ഹോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളായ സോണി പിക്‌ചേഴ്‌സോ, യൂണിവേഴ്‌സല്‍ സ്റ്റുഡിയോസോ ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാകുമെന്നും റൂമറുകളുണ്ട്.

ചിത്രത്തിലെ മഹേഷ് ബാബുവിന്റെ ലുക്ക് പുറത്തുവരാതിരിക്കാനായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരത്തോട് രാജമൗലി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിയുടെ വേഷവും, മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഔദ്യോഗികമായി പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

ആടുജീവിതത്തിലൂടെ പാന്‍ ഇന്ത്യന്‍ പ്രശംസ നേടിയ പൃഥ്വി ഇപ്പോള്‍ എമ്പുരാന്റെ സംവിധാനത്തിലാണ്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും, ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Rumors that Prithviraj doing antagonist role in Rajamouli’s next movie