ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി അഭിനയിച്ച രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് പ്രണവിനെ തേടിയെത്തിയിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത പ്രണവ് 2018ല്‍ റിലീസായ ആദിയിലൂടെ നായകനായി അരങ്ങേറി.
നായകനായ മൂന്നാമത്തെ ചിത്രം ഹൃദയം കൊവിഡ് പ്രതിസന്ധികള്‍ക്കിടയും വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും പ്രണവിന്റെ സാന്നിധ്യമുണ്ടായിരുന്നു. സിനിമയുടെ പ്രമോഷനോ മറ്റ് പരിപാടികള്‍ക്കോ പ്രണവിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം കാണാറില്ല. എന്നാല്‍ പ്രണവ് നായകനാകുന്ന പുതിയ സിനിമയെക്കുറിച്ചുള്ള റൂമറുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സ് പ്രണവിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജനത ഗാരേജ്, ഭരത് അനേ നേനു എന്നീ സനിമകള്‍ ഒരുക്കിയ കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂനിയര്‍ എന്‍.ടിആര്‍ നായകനാകുന്ന ദേവരയുടെ തിരക്കിലാണ് നിലവില്‍ കൊരട്ടാല ശിവ.
പ്രണവുമായി സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്‌തെന്നും അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നുമാണ് കരുതുന്നത്. ഔദ്യോഗികമായി ഇതുവരെ ഈ പ്രൊജക്ടിനെക്കുറിച്ചുള്ള അറിയിപ്പൊന്നും ഇതുവരെ വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ വിജയത്തിന് ശേഷം തന്റെ ഇഷ്ടവിനോദമായ യാത്രകളുടെ തിരക്കിലാണ് പ്രണവ് ഇപ്പോള്‍. അന്യഭാഷയിലേക്കുള്ള അരങ്ങേറ്റം തന്നെ വലിയ പ്രൊജക്ടിലൂടെയാകുമെന്നത് മലയാളസിനിമക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.