Entertainment
തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ കമല്‍ ഹാസനും സൂര്യയും? എമ്പുരാന്റെ റേഞ്ച് നമ്മളൊക്കെ വിചാരിച്ചതിലും വലുതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 08, 11:02 am
Saturday, 8th March 2025, 4:32 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആദ്യഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥാലോകം വളരെ വലുതാണെന്ന് ടീസറില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. മലയാളത്തില്‍ മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത തരത്തില്‍ ക്യാരക്ടര്‍ റിവീലിങ് വീഡിയോ അവതരിപ്പിച്ചതും വ്യത്യസ്തമായ പ്രൊമോഷനായിരുന്നു.

റിലീസിന് വെറും 20 ദിവസം മാത്രം ബാക്കി നില്‍ക്കെ ഓഫ്‌ലൈന്‍ പ്രമോഷനുകള്‍ക്കുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ വലിയ പ്രൊമോഷന്‍ പരിപാടികളാണ് എമ്പുരാനുള്ളത്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന എമ്പുരാന്‍ ഓരോ ഏരിയയിലും ഗ്രാന്‍ഡ് പ്രൊമോഷനാണ് പ്ലാന്‍ ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

ഹൈദരബാദ്, മുംബൈ, ചെന്നൈ, ദുബായ്, കൊച്ചി എന്നിവിടങ്ങളിലാണ് പ്രൊമോഷന്‍ പരിപാടികള്‍ ഒരുങ്ങുന്നത്. ഓരോയിടത്തും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യമുറപ്പാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നുണ്ട്. ഹൈദരബാദില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഇവന്റില്‍ പ്രഭാസ് മുഖ്യ അതിഥിയായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയില്‍ നടക്കുന്ന ഇവന്റില്‍ ഇന്ത്യന്‍ സിനിമയിലെ സകലകലാ വല്ലഭന്‍ കമല്‍ ഹാസനും സൂര്യയും വിശിഷ്ടാതിഥികളായി എത്തിയേക്കും. ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളായി ലൈക്ക പ്രൊഡക്ഷന്‍സ് എത്തുമ്പോള്‍ പ്രൊമോഷന്‍ പരിപാടികളും അതിനൊപ്പം ഗ്രാന്‍ഡ് ആകുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍.

മുംബൈയില്‍ നടക്കുന്ന ഇവന്റില്‍ അക്ഷയ് കുമാര്‍ എത്തുമ്പോള്‍ കര്‍ണാടകയില്‍ കിച്ചാ സുദീപും എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായേക്കും. ദുബായില്‍ ഗ്രാന്‍ഡ് ആയിട്ടുള്ള പ്രീ റിലീസ് ഇവന്റിന് പുറമെ ബുര്‍ജ് ഖലീഫയിലും പ്രൊമോഷന്‍ നടത്തിയേക്കും. യു.എസിലും ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് റൂമറുകളുണ്ട്.

നിലവില്‍ രാജമൗലിയുട ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്. ഒരാഴ്ച മാത്രമുള്ള ഷെഡ്യൂളിന് ശേഷം പൃഥ്വി എമ്പുരാന്റെ പ്രൊമോഷനുകളിലേക്ക് കടക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ഹൃദയപൂര്‍വത്തിന്റെ ഷെഡ്യൂള്‍ അവസാനിച്ചതിന് ശേഷം മോഹന്‍ലാലും പ്രൊമോഷന്റെ ഭാഗമാകും. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറും കഴിഞ്ഞദിവസം സെന്‍സര്‍ ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയ്‌ലറാണ് എമ്പുരാന്റേത്. മൂന്ന് മിനിറ്റ് 51 സെക്കന്‍ഡാണ് ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. ലൂസിഫറിന്റെ ട്രെയ്‌ലറിനും മൂന്ന് മിനിറ്റിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നു. മാര്‍ച്ച് 15ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Prabahas Surya and Kamal Haasan will attend the promotion events of Empuraan