| Friday, 4th October 2024, 9:58 pm

മള്‍ട്ടിവേഴ്‌സിലൂടെ പഴയ ഹള്‍ക്ക് തിരിച്ചുവരുമോ? ആകാംക്ഷയോടെ മാര്‍വല്‍ ഫാന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്. 2008ല്‍ അയണ്‍മാനിലൂടെ ആരംഭിച്ച യാത്ര ഇന്നും തുടരുകയാണ്. എന്‍ഡ് ഗെയിമിന് ശേഷം കുറച്ചുകാലം പഴയ പ്രതാപം നഷ്ടപ്പെട്ട മാര്‍വല്‍ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനിലൂടെ വീണ്ടും ട്രാക്കില്‍ കയറി. എന്‍ഡ് ഗെയിമിന് ശേഷം മള്‍ട്ടിവേഴ്‌സിനുള്ള സാധ്യത തുറന്നിട്ട മാര്‍വല്‍, സ്‌പൈഡര്‍മാന്‍ നോ വേ ഹോമിലൂടെ പഴയ സ്‌പൈഡര്‍മാനെ അവതരിപ്പിച്ച ടോബി മഗ്വെയറിനെയും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിനെയും തിരിച്ചുകൊണ്ടു വന്നിരുന്നു.

താനോസിന് ശേഷം എടുത്തുപറയാന്‍ നല്ലൊരു വില്ലനില്ലാതിരിക്കുന്ന മാര്‍വല്‍ ഇത്തരം നൊസ്റ്റാള്‍ജിയയിലൂടെയാണ് പിടിച്ചുനില്‍ക്കുന്നത്. ഇപ്പോഴിതാ എം.സി.യുവില്‍ ഏറ്റവുമധികം ആരാധകരുള്ള ഹള്‍ക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഹള്‍ക്കിനെ മാര്‍വല്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ആ കഥാപാത്രത്തെ അവതരിപ്പിച്ച എറിക് ബാന തിരിച്ചുവരുമെന്നാണ് റൂമറുകള്‍.

അടുത്ത വര്‍ഷം തിയേറ്റേറുകളിലെത്തുന്ന ‘ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന സിനിമയില്‍ വില്ലനാകുന്നത് റെഡ് ഹള്‍ക്കാണെന്ന് ട്രെയ്‌ലറില്‍ സൂചനയുണ്ടായിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ മള്‍ട്ടിവേഴ്‌സിലൂടെ എറിക്കിന്റെ ഹള്‍ക്ക് തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റൂമറുകള്‍. 2026ല്‍ പുറത്തിറങ്ങുന്ന ‘വേള്‍ഡ് വാര്‍ ഹള്‍ക്ക്’ എന്ന സിനിമയില്‍ മൂന്ന് ഹള്‍ക്കുകളും മുഖാമുഖം വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഗാമാ റേഡിയേഷനും, ഇന്‍ഫിനിറ്റി സ്റ്റോണ്‍ കാരണം വന്ന റേഡിയേഷനും ഏല്‍ക്കേണ്ടി വന്ന ബ്രൂസ് ബാനര്‍ എങ്ങനെ തിരിച്ചെത്തുമെന്ന് അറിയാനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. മാര്‍വലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നെഗറ്റീവ് റിവ്യൂ നേരിടേണ്ടി വന്ന ഷീ ഹള്‍ക്ക്, വേള്‍ഡ് വാര്‍ ഹള്‍ക്കിന്റെ ഭാഗമാകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

എന്‍ഡ് ഗെിമിന്റെ അവസാനം ക്യാപ്റ്റന്‍ അമേരിക്കയില്‍ നിന്ന് ഷീല്‍ഡ് ഏറ്റെടുക്കുന്ന ഫാല്‍ക്കണും സുഹൃത്തായ വിന്റര്‍ സോള്‍ജ്യറും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ബ്രേവ് ന്യൂ വേള്‍ഡിന്റെ പ്രമേയം. ഇരുവരുടെയും കഥയെ അടിസ്ഥാനമാക്കി 2021ല്‍ വെബ് സീരീസും മാര്‍വല്‍ പുറത്തിറക്കിയിരുന്നു. ഹാരിസണ്‍ ഫോര്‍ഡാണ് റെഡ് ഹള്‍ക്ക് അഥവാ താഡിയസ് തണ്ടര്‍ബോള്‍ട്ടിനെ അവതരിപ്പിക്കുന്നത്.

Content Highlight: Rumors that Old Hulk will return in Captain America Brave new World movie

We use cookies to give you the best possible experience. Learn more