ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ മണിരത്‌നം സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദളപതി. മഹാഭാരതത്തിലെ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തെ പുതിയ രീതിയില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു ദളപതി. ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് സ്റ്റാറുകളായ രജിനികാന്തും മമ്മൂട്ടിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ദളപതി മാറി.
അതുവരെ കാണാത്ത തരത്തിലായിരുന്നു മണിരത്‌നം രജിനികാന്തിനെ ദളപതിയില്‍ അവതരിപ്പിച്ചത്. സൂര്യ എന്ന കഥാപാത്രം രജിനിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി പലരും കണക്കാക്കുന്നു. ഇപ്പോഴിതാ 33 വര്‍ഷത്തിന് ശേഷം രജിനിയും മണിരത്‌നവും വീണ്ടും കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. പ്രശസ്ത സിനിമാപേജായ സൈമ അവരുടെ എക്‌സ് പേജില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പങ്കുവെച്ചത്.
രജിനികാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടക്കുമെന്നാണ് റൂമറുകള്‍. ദളപതിക്ക് ശേഷം മറ്റൊരു ക്ലാസിക് ചിത്രമാണ് സിനിമാപ്രേമികള്‍ ഈ കോമ്പോയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രജിനികാന്ത് എന്ന സ്റ്റാറിനെക്കാള്‍ അയാളിലെ നടനെ മണിരത്‌നം വീണ്ടും ഉപയോഗിക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
നിലവില്‍ കമല്‍ ഹാസന്‍ നായകനാകുന്ന തഗ് ലൈഫിന്റെ പണിപ്പുരയിലാണ് മണിരത്‌നം. കമല്‍ ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍സ് നിര്‍മിക്കുന്ന തഗ് ലൈഫിന്റെ ഷൂട്ട് അവസാനിച്ചു. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് സൂപ്പര്‍താരം സിലമ്പരസനും തഗ് ലൈഫില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അതേസമയം രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്‍ ഈയാഴ്ച തിയേറ്ററുകളിലെത്തും. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യറാണ് രജിനിയുടെ നായികയാകുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.
Content Highlight: Rumors that Maniratnam and Rajnikanth joining hands together after 33 years