| Tuesday, 8th October 2024, 8:02 am

ഏജന്റിനും യാത്ര 2വിനും ശേഷം മമ്മൂട്ടി തെലുങ്കില്‍? ഇത്തവണ പ്രഭാസിനൊപ്പം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലാര്‍, കല്‍ക്കി എന്നീ രണ്ട് വന്‍ വിജയങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സന്ദീപ് റെഡ്ഡി വാങ്കയാണ് സ്പിരിറ്റ് സംവിധാനം ചെയ്യുന്നത്. കല്‍ക്കിക്ക് ശേഷം പ്രഭാസ് എന്ന സ്റ്റാറിന്റെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ പുറത്തെടുക്കാന്‍ കെല്പുള്ള ചിത്രമാകും സ്പിരിറ്റെന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പ്രഭാസ് എത്തുന്നതെന്നാണ് പുറത്തുവരുന്ന റൂമറുകള്‍.

ഇപ്പോഴിതാ ചിത്രത്തില്‍ പ്രഭാസിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും എത്തിയേക്കുമെന്നുള്ള റൂമറുകളാണ് പുറത്തുവരുന്നത്. പ്രഭാസിന്റെ അച്ഛനായിട്ടാകും മമ്മൂട്ടി എത്തുന്നതെന്നാണ് റൂമറുകള്‍. ചിത്രത്തിനായി സന്ദീപ് വാങ്ക മമ്മൂട്ടിയെ സമീപിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ബോളിവുഡ് താരം കരീന കപൂര്‍ സ്പിരിറ്റില്‍ പ്രഭാസിന്റെ എതിരാളിയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2025 ദീപാവലിക്ക് സ്പിരിറ്റ് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

ഇതുവരെ അഞ്ച് തെലുങ്ക് ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. സ്വാതി കിരണം, സൂര്യപുത്രലു, യാത്ര, ഏജന്റ്, യാത്ര 2 എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി ഇതിന് മുമ്പ് തെലുങ്കില്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ മൂന്ന് ചിത്രങ്ങള്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ ഏജന്റും യാത്ര 2വും ബോക്‌സ് ഓഫീസില്‍ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു.

എന്നാല്‍ നിലവില്‍ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിന്റെ തിരക്കിലാണ് മമ്മൂട്ടി. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സിന്റെ അവസാന ഷെഡ്യൂള്‍ ബാക്കിയുണ്ട്. ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം തുടക്കത്തിലോ ചിത്രം തിയേറ്ററുകളിലെത്തിയേക്കും. നിലവില്‍ നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മമ്മൂട്ടി. വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുക.

അതിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. മൂന്ന് ചിത്രങ്ങളും നിര്‍മിക്കുന്നത് മമ്മൂട്ടിക്കമ്പനി തന്നെയാണ്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Mammootty will be part of Spirit movie starring Prabhas

Latest Stories

We use cookies to give you the best possible experience. Learn more