രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം വിജയ് ചെയ്യുന്ന സിനിമ എന്ന നിലയില്‍ ആരാധകര്‍ വന്‍ പ്രതീക്ഷ നല്‍കുന്ന പ്രൊജക്ടാണ് വിജയ്‌യുടെ 69ാമത് ചിത്രം. ഈ ചിത്രത്തിന് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നാണ് വിജയ് പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ദളപതി 69.
ചിത്രത്തിന്റെ സംവിധായകന്‍ ആരാകുമെന്ന് പല തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. നെല്‍സണ്‍, വെട്രിമാരന്‍, ലോകേഷ് കനകരാജ്, അറ്റ്‌ലീ എന്നീ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. ഏറ്റവുമൊടുവില്‍ എച്ച്. വിനോദ് ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ വിജയ്‌യുടെ ലുക്ക് ടെസ്റ്റ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇപ്പോഴിതാ മലയാളി താരം മമിത ബൈജുവും ചിത്രത്തിന്റെ ഭാഗമാകുമെന്ന റൂമറുകള്‍ പുറത്തുവരികയാണ്. പ്രേമലു എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടാന്‍ മമിതക്ക് സാധിച്ചു. സമന്തയാണ് ചിത്രത്തിലെ നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് നിര്‍വഹിക്കുമെന്നാണ് റൂമറുകള്‍ പറയുന്നത്.
സതുരംഗ വേട്ടൈ എന്ന ആദ്യ ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച സംവിധായകനാണ് എച്ച്. വിനോദ്. രണ്ടാമത്തെ ചിത്രമായ തീരന്‍ അധികാരം ഒന്‍ഡ്ര് തമിഴിലെ മികച്ച പൊലീസ് സിനിമകളിലൊന്നായി മാറി. കാര്‍ത്തി എന്ന നടന്റെ ഗംഭീര പ്രകടനമാണ് തീരനില്‍ കാണാന്‍ സാധിച്ചത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ അജിതിനെ നായകനാക്കി സംവിധാനം ചെയ്തു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ, തുനിവ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി.
നിലവില്‍ വിജയ്‌യുടെ 68ാമത് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം റിലീസിന് തയാറെടുക്കുകയാണ്. വെങ്കട് പ്രഭവുമായി വിജയ് ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പെടുന്നതാണ്. 250 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, അജ്മല്‍ അമീര്‍, ജയറാം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ഗോട്ട് തിയേറ്ററുകളിലെത്തും.
Content Highlight: Rumors that Mamitha Baiju might be a part of Thalapathy 69