|

വിജയ്‌യുമായി അഭിനയിക്കണമെന്ന ആഗ്രഹം സാധിച്ചു, മമിതയുടെ അടുത്ത ചിത്രം സൂര്യയോടൊപ്പം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിലൂടെയാണ് മമിത ശ്രദ്ധേയയായത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മമിതക്ക് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്ത് വലിയൊരു ഫാന്‍ബേസ് മമിത നേടിയെടുത്തു.

പ്രേമലുവിന്റെ വിജയത്തിന് ശേഷം തമിഴ് സൂപ്പര്‍താരം വിജയ്‌യോടൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് മമിത പറഞ്ഞിരുന്നു. ആഗ്രഹിച്ചതുപോലെ വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായ ജന നായകനില്‍ പ്രധാനവേഷത്തില്‍ മമിതയും എത്തുന്നുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിതക്ക് ശക്തമായ വേഷമാണുള്ളത്.

ഇപ്പോഴിതാ, ജന നായകന് ശേഷം മമിതയുടെ അടുത്ത തമിഴ് പ്രൊജക്ടിനെക്കുറിച്ചുള്ള റൂമറുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തമിഴിലെ മികച്ച നടന്മാരിലൊരാളായ സൂര്യയുടെ പുതിയ ചിത്രത്തിലാകും മമിത ഭാഗമാവുക. ലക്കി ഭാസ്‌കര്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.

നായകനും നായികക്കും തുല്യപ്രാധാന്യമുള്ള ചിത്രമാകും ഇതെന്നും സൂര്യയുടെ പെയര്‍ ആയിട്ടാകില്ല മമിത വേഷമിടുകയെന്നും റൂമറുകളുണ്ട്. ബാല സംവിധാനം ചെയ്ത വണങ്കാനില്‍ ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ സൂര്യ പിന്മാറിയതോടെ മമിതയും വണങ്കാന്‍ ഉപേക്ഷിക്കുകയായിരുന്നു.

തമിഴിലും തെലുങ്കിലും തുടര്‍ച്ചയായി രണ്ട് ഹിറ്റുകള്‍ ഒരുക്കിയ വെങ്കി അട്‌ലൂരി തന്റെ പുതിയ പ്രൊജക്ടും പീരിയോഡിക്കല്‍ ഡ്രാമയായാണ് ഒരുക്കുക. സൂര്യ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് പ്രൊജക്ടുകള്‍ക്ക് ശേഷമാകും വെങ്കിയുടെ പ്രൊജക്ടിലേക്ക് ജോയിന്‍ ചെയ്യുക. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയാണ് സൂര്യയുടെ ഏറ്റവുമടുത്ത റിലീസ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.

സൂര്യയുടെ കരിയര്‍ ഹൈപ്പ് ചിത്രമായ വാടിവസലും വെങ്കി അട്‌ലൂരി പ്രൊജക്ടും ഒരേ സമയം ചിത്രീകരിക്കാനാണ് പ്ലാനെന്ന് കേള്‍ക്കുന്നു. കങ്കുവയുടെ പരാജയത്തിന് ശേഷം വര്‍ഷത്തില്‍ രണ്ട് ചിത്രം വീതം ചെയ്യുമെന്ന് സൂര്യ അറിയിച്ചിരുന്നു. അതേസമയം മമിത ബൈജുവും വിജയ്‌യും ഒന്നിക്കുന്ന ജന നായകന്റെ ഷൂട്ടും പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Mamith Baiju will be the heroine of Suriya’s new movie with Venky Atluri

Latest Stories

Video Stories