വിക്രം എന്ന ചിത്രത്തിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ തുടക്കം കുറച്ച സിനിമാറ്റിക് യൂണിവേഴ്സാണ് എല്‍.സി.യു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്). ലോകേഷിന്റെ മുന്‍ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ വിക്രത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലോകേഷ് തമിഴില്‍ പുതിയൊരു പരീക്ഷണം നടത്തിയത്. വിജയ് ചിത്രം ലിയോയും ഈ യൂണിവേഴ്സിലേക്ക് കൊണ്ടുവന്നതോടുകൂടി സൗത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ യൂണിവേഴ്സായി എല്‍.സി.യു മാറി.
എല്‍.സിയുവിലെ ഏറ്റവും പുതിയ ചിത്രമാണ് ബെന്‍സ്. നടനും സംവിധായകനുമായ രാഘവ ലോറന്‍സ് നായകാനകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. ലോകേഷിന്റെ ഉടമസ്ഥതയിലുള്ള ജി സ്‌ക്വാഡാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. തമിഴ് താരം മാധവന്‍ ചിത്രത്തില്‍ വില്ലനായി എത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
90കളുടെ തുടക്കത്തില്‍ റൊമാന്റിക് റോളുകളില്‍ തിളങ്ങിയിരുന്ന നടനാണ് മാധവന്‍. എന്നാല്‍ 2005ന് ശേഷം താരം തന്റെ ട്രാക്ക് മാറ്റിപ്പിടിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി വ്യത്യസ്തമായ കഥകളാണ് മാധവന്‍ തെരഞ്ഞെടുക്കുന്നത്. ഇരുധി സുട്ര്, വിക്രം വേദ, മാരാ, റോക്കട്രി തുടങ്ങിയ ചിത്രങ്ങളില്‍ മാധവന്റെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ശൈത്താന്‍ എന്ന ചിത്രത്തിലും മാധവന്‍ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് ശേഷം രാഘവ ലോറന്‍സ് ഞെട്ടിക്കാന്‍ പോകുന്ന കഥാപാത്രമാകും ബെന്‍സെന്ന് ടൈറ്റില്‍ പ്രൊമോ സൂചന നല്‍കിയിരുന്നു. ലോറന്‍സും മാധവനും തമ്മിലുള്ള ഫേസ് ഓഫ് സീനുകളും എല്‍.സി.യുവിലെ മറ്റ് കഥാപാത്രങ്ങളുടെ കടന്നുവരവും ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുമെന്നാണ് കരുതുന്നത്. തമിഴിലെ പുതിയ സെന്‍സേഷനെന്ന് അറിയപ്പെടുന്ന സായ് അഭയങ്കറാണ് ബെന്‍സിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.
രജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയുടെ പണിപ്പുരയിലാണ് ലോകേഷ് ഇപ്പോള്‍. സ്റ്റാന്‍ഡ് എലോണായി ഒരുക്കുന്ന കൂലിക്ക് ശേഷം കൈതി 2വിന്റെ വര്‍ക്കിലേക്ക് ലോകേഷ് കടക്കുമെന്ന് അറിയിച്ചിരുന്നു. എല്‍.സി.യുവിലെ എല്ലാ നടന്മാരും കൈതി 2വില്‍ അണിനിരക്കുമെന്ന് ലോകേഷ് നേരത്തെ അറിയിച്ചിരുന്നു.
Content Highlight: Rumors that Madhavan will be the antagonist in Benz movie