|

ഇന്ത്യന്‍ 2 മുതല്‍ വിടാമുയര്‍ച്ചി വരെയുണ്ടാക്കിയ ലൈക്കയുടെ നഷ്ടം ചെറുതല്ല, എമ്പുരാന്റെ പ്രതിസന്ധി മറികടക്കാന്‍ ഹോംബാലെ വരുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും കാര്യമായ പ്രമോഷനോ അപ്‌ഡേറ്റുകളോ ഇല്ലാതെ പോവുകയാണ് എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. മലയാളസിനിമ ഇന്നേവരെ കാണാത്ത പ്രൊമോഷന്‍ ഇവന്റുകള്‍ എമ്പുരാന് വേണ്ടി നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ക്യാരക്ടര്‍ വീഡിയോക്ക് ശേഷം അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വലിയ പ്രൊമോഷനുകളൊന്നും വന്നിട്ടില്ല. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അടുത്തിടെ റിലീസായ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി മാറിയിരുന്നു.

കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ 2 കഴിഞ്ഞ വര്‍ഷത്തെ വലിയ പരാജയങ്ങളിലൊന്നായി മാറി. പിന്നാലെയെത്തിയ വേട്ടൈയനും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിടാമുയര്‍ച്ചിയും പരാജയം രുചിച്ചതോടെ ലൈക്കയുടെ ഒരേയൊരു പിടിവള്ളിയായി എമ്പുരാന്‍ മാറിയിരിക്കുകയാണ്.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് അടുത്ത സമയത്ത് വലിയൊരു പ്രതിസന്ധിയാണ് ലൈക്കക്ക് നേരിടേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്കയുടെ കഴിഞ്ഞ ചിത്രങ്ങളിലൂടെ വിതരണക്കാര്‍ക്ക് നേരിടേണ്ടി വന്ന നഷ്ടം നികത്താതെ ലൈക്കയുടെ ചിത്രങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് വിതരണക്കാര്‍ പറഞ്ഞതായാണ് റൂമറുകള്‍.

ഇതിന് പിന്നാലെ ലൈക്കക്ക് പകരം മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിയെ ആശീര്‍വാദ് സിനിമസ് നോക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിലെ ലീഡിങ് കമ്പനിയായ യഷ്‌രാജ് ഫിലിംസിനെയും കന്നഡയിലെ ഒന്നാം നമ്പര്‍ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെയെയും എമ്പുരാന്റെ അണിയറ പ്രവര്‍ത്തകര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് ആരാധകര്‍ കരുതുന്നത്. 90 കോടിയാണ് എമ്പുരാന്റെ ഒ.ടി.ടി റൈറ്റ്‌സിനായി ലൈക്ക ആവശ്യപ്പെടുന്നതെന്നും എന്നാല്‍ ആശീര്‍വാദിന് 70 കോടി മതിയെന്നുമാണ് റൂമറുകള്‍. ഇതിന് പുറമെ, ചിത്രത്തിന്റെ ആദ്യദിവസത്തെ ബോക്‌സ് ഓഫീസ് പ്രകടനങ്ങളടക്കം പല കാര്യങ്ങള്‍ക്കും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഓവര്‍സീസ്, റെസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ എമ്പുരാന് വിതരണക്കാരില്ലെന്നാണ് അഭ്യൂഹങ്ങള്‍. രാജമൗലി ചിത്രത്തിന്റെ ഷെഡ്യൂള്‍ അവസാനിച്ചാലുടന്‍ പൃഥ്വി എമ്പുരാന്റെ പ്രൊമോഷന് ഇറങ്ങുമെന്നാണ് കരുതുന്നത്. ഒഡിഷയില്‍ ഏഴ് ദിവസത്തെ ഷൂട്ടാണ് പൃഥ്വിരാജിനും മഹേഷ് ബാബുവിനുമുള്ളത്.

Content Highlight: Rumors that Lyca Productions loss movie affecting the release of Empuraan