കൈതി, വിക്രം എന്നീ സിനിമകളിലൂടെ തമിഴിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതിയിലെ കാര്‍ത്തിയെ വിക്രമില്‍ കമല്‍ ഹാസന്റെ കഥാപാച്രവുമായി കണക്ട് ചെയ്തത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ഇരുവരെയും ഒരുമിച്ച് നേരിടുന്ന വില്ലന്‍ റോളക്‌സായി സൂര്യയെ അവതരിപ്പിച്ചത് ആരാധകര്‍ ആഘോഷമാക്കി. വിജയ് ചിത്രം ലിയോയും എല്‍.സി.യുവിന്റെ ഭാഗമാക്കിയത് പ്രതീക്ഷ ഇരട്ടിയാക്കി.
കൈതിയുടെ രണ്ടാം ഭാഗത്തില്‍ ദില്ലി- റോളക്‌സ് ഫേസ് ഓഫ് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. രജിനിയുമായി ലോകേഷ് കൈകോര്‍ക്കുന്ന കൂലിയുടെ വര്‍ക്കുകള്‍ക്ക് ശേഷം കൈതി 2വിന്റെ ജോലികളിലേക്ക് കടക്കുമെന്നായിരുന്നു ലോകേഷ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൈതി 2 ഇനിയും വൈകിയേക്കും.
ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ ആമിര്‍ ഖാനുമായി ലോകേഷ് കൈകോര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നതെന്നുള്ള അഭ്യൂഹങ്ങളുണ്ട്. നിലവില്‍ സിതാരെ സമീന്‍ പര്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് ആമിര്‍ ഖാന്‍. സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്റെ റീമേക്കാണ് സിതാരെ സമീന്‍ പര്‍.
ഇതോടെ ഷാരൂഖ്, സല്‍മാന്‍ എന്നീ ഖാന്മാര്‍ക്ക് ശേഷം ആമിറും തമിഴ് സംവിധായകനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ജവാന്‍ സംവിധാനം ചെയ്തത് തമിഴ് സംവിധായകനായ അറ്റ്‌ലീ ആയിരുന്നു. 1200 കോടിയാണ് ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സിക്കന്ദര്‍ സംവിധാനം ചെയ്യുന്നത് എ.ആര്‍ മുരുകദോസാണ്.
ബോളിവുഡില്‍ അടുത്തിടെ ഹിറ്റായ പല സിനിമകള്‍ക്ക് പിന്നിലും സൗത്ത് ഇന്ത്യന്‍ സംവിധായകരാണ്. ജവാന് ശേഷം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അനിമലിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയായിരുന്നു. സീക്രട്ട് സൂപ്പര്‍സ്റ്റാറിന് ശേഷം വലിയ ഹിറ്റുകളില്ലാത്ത ആമിര്‍ ഖാനും ഇതേ ട്രെന്‍ഡിന് പിന്നാലെയാണ് പോകുന്നത്.
Content Highlight: Rumors that Lokesh Kanagaraj joins hand with Aamir Khan