| Sunday, 25th August 2024, 8:45 pm

സൂര്യ സ്ഥിരം പരിപാടി ഇത്തവണയും ആവര്‍ത്തിക്കുമോ? ക്ലാഷില്‍ തീരുമാനമാകാതെ തമിഴ് സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രികളിലൊന്നാണ് കോളിവുഡ്. മാസ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറുകളും ക്വാളിറ്റി കണ്ടന്റുകളും ഉണ്ടാകുന്ന തമിഴ് ഇന്‍ഡസ്ട്രിക്ക് ഈ വര്‍ഷം അത്ര സുഖകരമല്ല. രജിനികാന്ത് അതിഥിവേഷത്തിലെത്തിയ ലാല്‍ സലാം 100 കോടി പോലും നേടാതെ കളം വിട്ടപ്പോള്‍ വന്‍ ബജറ്റില്‍ വന്ന കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 ഈ വര്‍ഷത്തെ മോശം സിനിമയുടെ പട്ടികയിലുള്‍പ്പെട്ടു.

ധനുഷിന്റെ 50ാമത് ചിത്രം രായന്‍, വിജയ് സേതുപതിയുടെ 50ാമത് ചിത്രം മഹാരാജ, സുന്ദര്‍. സിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അരന്മനൈ 4 എന്നീ സിനിമകള്‍ മാത്രമാണ് ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. 2024ന്റെ രണ്ടാം പകുതിയില്‍ ഒരുപിടി വലിയ സിനിമകളുമായി പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് തമിഴ് സിനിമ ലക്ഷ്യമിടുന്നത്.

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം ഗോട്ട് തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

200 കോടി ബജറ്റിലെത്തുന്ന സൂര്യ ചിത്രം കങ്കുവയാണ് ഈ വര്‍ഷത്തെ മറ്റൊരു വലിയ റിലീസ്. ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനുദ്ദേശിച്ച കങ്കുവ ഒക്ടോബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 10ന് ഗ്രാന്‍ഡ് റിലീസായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചത്. എന്നാല്‍ ഇതേദിവസം രജിനികാന്ത് ചിത്രം വേട്ടയ്യനും റിലീസാകുമെന്ന് പിന്നാലെ അറിയിച്ചിരുന്നു.

മറ്റ് ഭാഷകളില്‍ വലിയ സിനിമകളൊന്നും റിലീസില്ലാത്തതും, തമിഴില്‍ സോളോ റിലീസും ലക്ഷ്യമിട്ടാണ് കങ്കുവ ഒക്ടോബര്‍ 10 എന്ന ഡേറ്റ് ഉറപ്പിച്ചത്. എന്നാല്‍ രജിനികാന്ത് ചിത്രം ഇതേദിവസം വന്നത് തിരിച്ചടിയായിരിക്കുകയാണ്. രണ്ട് സിനിമകളും ഒരേദിവസം റിലീസ് ചെയ്യുന്നത് കളക്ഷനെ സാരമായി ബാധിക്കും. എന്നാല്‍ ഈയൊരു ഡേറ്റ് വിട്ടാല്‍ മറ്റൊരു സോളോ റിലീസ് കിട്ടുന്നത് കഷ്ടമാകും.

വന്‍ ബജറ്റും പാന്‍ ഇന്ത്യന്‍ റിലീസുമായതിനാല്‍ കങ്കുവ റിലീസ് മാറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റൂമറുകള്‍. ഇതാദ്യമായല്ല സൂര്യ ചിത്രം പറഞ്ഞ ഡേറ്റില്‍ നിന്ന് റിലീസ് മാറ്റുന്നത്. സിങ്കം 3, താനാ സേര്‍ന്ത കൂട്ടം, എന്‍.ജി.കെ, എതര്‍ക്കും തുനിന്തവന്‍ എന്നീ സിനിമകള്‍ ആദ്യം പറഞ്ഞ ഡേറ്റ് മാറ്റിയാണ് റിലീസ് ചെയ്തത്. നാല് വര്‍ഷത്തിലധികമായി തിയേറ്റര്‍ ഹിറ്റില്ലാത്ത സൂര്യയുടെ തിരിച്ചുവരവാണ് കങ്കുവയിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെ വിതരണക്കാരും ഏതെങ്കിലുമൊരു സിനിമയുടെ റിലീസ് മാറ്റാന്‍ പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ലാല്‍ സലാമിന്റെ ക്ഷീണം വേട്ടയ്യനിലൂടെ തീര്‍ക്കാനാണ് രജിനികാന്ത് ശ്രമിക്കുന്നത്. രജിനിക്ക് പുറമെ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണാ ദഗ്ഗുബട്ടി, ദുഷാരാ വിജയന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധാണ് സംഗീതം.

Content Highlight: Rumors that Kanguva will postpone because of clash with Vettaiyan

We use cookies to give you the best possible experience. Learn more