ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് ബാബു- രാജമൗലി കോമ്പോയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. എസ്.എസ്.എം.ബി 29 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ആര്‍.ആര്‍.ആറിന്റെ വന്‍ വിജയത്തിനും ആഗോള സ്വീകാര്യതക്കും ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ഇത്.
രാജമൗലി ഇതുവരെ ചെയ്യാത്ത തരത്തില്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ഴോണറിലാണ് എസ്.എസ്.എം.ബി 29 ഒരുങ്ങുന്നത്. ഒരുവര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മഹേഷ് ബാബുവിന്റെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിനായി മുടി വളര്‍ത്തിയ മഹേഷ് ബാബു കഴിഞ്ഞ കുറച്ചുകാലങ്ങളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാറുള്ളത് വലിയ വാര്‍ത്തയായിരുന്നു.
ചിത്രത്തിലെ പ്രധാനവേഷത്തിലേക്ക് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജിനെ രാജമൗലി പരിഗണിക്കുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെലുങ്കിലെ വലിയ ഹിറ്റുകളിലൊന്നായ സലാര്‍ പാര്‍ട്ട് വണ്ണില്‍ പ്രഭാസിനൊപ്പം ശക്തമായ വേഷത്തില്‍ പൃഥ്വിരാജ് വേഷമിട്ടിരുന്നു. തെലുങ്കില്‍ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചവരില്‍ രാജമൗലിയുമുണ്ടായിരുന്നു.
ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഭാഗമായേക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന് പകരം ബോളിവുഡ് താരം ജോണ്‍ എബ്രഹാം എസ്.എസ്.എം.ബി 29ന്റെ ഭാഗമായേക്കുമെന്നാണ് റൂമറുകള്‍. രാജമൗലിയുടെ മുന്‍ ചിത്രമായ ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ശക്തമായ വേഷം ചെയ്തിരുന്നു. എസ്.എസ്.എം.ബി 29ല്‍ അതുപോലൊരു വേഷമാകും ജോണ്‍ എബ്രഹാമിനെന്നാണ് ആരാധകര്‍ കരുതുന്നത്.
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ചിത്രത്തിലെ നായികാവേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ ശ്രീ ദുര്‍ഗാ ആര്‍ട്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഹോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസും എസ്.എസ്.എം.ബി 29ന്റെ നിര്‍മാണപങ്കാളിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
Content Highlight: Rumors that John Abraham joined in SSMB 29 instead of Prithviraj