|

ഇന്ത്യന്‍ 3യുടെ റിലീസ് വീണ്ടും വൈകും? ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ ലൈക്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള സിനിമയാണ് ഇന്ത്യന്‍. കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റാവുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്റ രണ്ടാം ഭാഗത്തിനായി ഷങ്കറും കമല്‍ ഹാസനും കൈകോര്‍ത്തിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളേറ്റുവാങ്ങി. 2024ലെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായി മാറിയ ഇന്ത്യന്‍ 2 സാമ്പത്തികപരമായും നഷ്ടം നേരിട്ടു. 250 കോടി ബജറ്റിലൊരുങ്ങിയ ചിത്രം വെറും 160 കോടി മാത്രമാണ് സ്വന്തമാക്കിയത്. മൂന്നാം ഭാഗത്തിനുള്ള ലീഡ് നല്‍കിയാണ് ചിത്രം അവസാനിച്ചത്.

2025ല്‍ ഇന്ത്യന്‍ 2 പുറത്തിറങ്ങുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ രണ്ടാം ഭാഗം വന്‍ പരാജയമായതിനാല്‍ മൂന്നാം ഭാഗം നേരിട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ 2വിന് ശേഷം ഷങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗെയിം ചേഞ്ചറും ബോക്‌സ് ഓഫീസില്‍ പരാജയം രുചിച്ചു.

ഇപ്പോഴിതാ ഇന്ത്യന്‍ 3 ഈ വര്‍ഷവും പുറത്തിറങ്ങിയേക്കില്ല എന്നുള്ള റൂമറുകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ 2 ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് പരാജയ ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക ഇനിയൊരു പരീക്ഷണത്തിന് മുതിരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫ് റിലീസായതിന് ശേഷമായിരിക്കും ഇന്ത്യന്‍ 3 പുറത്തിറക്കുകയെന്നാണ് അഭ്യൂഹങ്ങള്‍.

ഇന്ത്യന്‍ 2വിന്റെ കാര്യത്തിലും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. കൊവിഡും കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനവും കാരണം ഇന്ത്യന്‍ 2വിന്റെ ഷൂട്ട് പലപ്പോഴായി മുടങ്ങിയിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ നടന്ന അപകടത്തില്‍ ഒരു യൂണിറ്റ് അംഗം മരണപ്പെട്ടതോടെ ചിത്രം ഉപേക്ഷിക്കാന്‍ വരെ അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം ഇന്‍ഡസ്ട്രി ഹിറ്റായതിന് പിന്നാലെയാണ് ഇന്ത്യന്‍ 2വിന്റെ ഷൂട്ട് പുനരാരംഭിച്ചത്.

രണ്ടും മൂന്നും ഭാഗങ്ങളുടെ ഷൂട്ട് ഒരുമിച്ച് അവസാനിച്ചിരുന്നു. എന്നാല്‍ മൂന്നാം ഭാഗത്തിന്റെ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുള്ളത്. തഗ് ലൈഫ് വന്‍ വിജയമായാല്‍ ഇന്ത്യന്‍ 3 വെളിച്ചം കാണുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ 3ക്ക് ശേഷം വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി നിര്‍മിച്ച ശേഷം ലൈക്ക സിനിമാനിര്‍മാണത്തില്‍ നിന്ന് പിന്മാറുമെന്നും റൂമറുകളുണ്ട്.

Content Highlight: Rumors that Indian 3 will release only after Thug Life movie release

Video Stories