|

കില്ലിന്റെ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ഹൃതിക് റോഷന്‍, വരുന്നത് ഹോളിവുഡിലെ സോംബി ത്രില്ലറിന്റെ റീമേക്കുമായി?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ഹൃതിക് റോഷന്‍. കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ഹൃതിക് ആദ്യ ചിത്രത്തിലൂടെ സെന്‍സേഷനായി മാറി. തുടര്‍ന്ന് കോയി മില്‍ ഗയാ, ക്രിഷ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ന്നു.

വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ വളരെ ശ്രദ്ധാപൂര്‍വമാണ് ഹൃതിക് ഓരോ സിനിമയെയും സമീപിക്കുന്നത്. എന്നാല്‍ ഓരോ സിനിമകള്‍ക്കിടയിലും വരുന്ന വലിയ ഇടവേള താരത്തിന് പലപ്പോഴും തിരിച്ചടിയാകാറുണ്ട്. വിക്രം വേദ, ഫൈറ്റര്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ശോഭിക്കാതെ പോയതിന് കാരണം അതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ഹൃതിക്കിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയെ ചൂടു പിടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായ കില്‍ അണിയിച്ചൊരുക്കിയ നിഖില്‍ നാഗേഷ് ഭട്ടിനൊപ്പമാണ് ഹൃതിക് കൈകോര്‍ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഐ ആം ലെജന്‍ഡിന്റെ റീമേക്കാണ് ഇരുവരും ഒരുക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

ഇന്ത്യന്‍ സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത സോംബി ത്രില്ലര്‍ ഴോണറില്‍ ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന്‍ ഹീറോ വേഷമിടുമ്പോള്‍ മികച്ച സിനിമാനുഭവം പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷകള്‍. കില്ലില്‍ വില്ലനായി വേഷമിട്ട രാഘവ് ജുയലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നും റൂമറുകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്.

വില്‍ സ്മിത് നായകനായെത്തിയ സോംബി അപോകാലിപ്റ്റിക് ത്രില്ലറാണ് ഐ ആം ലെജന്‍ഡ്. ഫ്രാന്‍സിസ് ലോറന്‍സ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് ഒരു സീക്വല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതിന്റെ വര്‍ക്കുകള്‍ ആരംഭിച്ചിട്ടില്ല.

നിലവില്‍ വാര്‍ 2വിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഹൃതിക് റോഷന്‍. 2019ല്‍ പുറത്തിറങ്ങിയ വാറിന്റെ സീക്വലായാണ് ചിത്രം ഒരുങ്ങുന്നത്. വൈ.ആര്‍.എഫ്. സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് വാര്‍ 2. ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരോടൊപ്പം ഹൃതിക്കും ഭാഗമായ യൂണിവേഴ്‌സിന് വലിയ ഫാന്‍ബേസാണുള്ളത്. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറും വാര്‍ 2വില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Rumors that Hrithik Roshan joining hands with Kill movie director for I Am Legend remake

Video Stories