| Wednesday, 4th September 2024, 4:54 pm

തമിഴും, തെലുങ്കും കഴിഞ്ഞു, ഇനി ലക്ഷ്യം ബോളിവുഡ്... അരങ്ങേറ്റം ഗംഭീരമാക്കാന്‍ ഫഹദ് ഫാസില്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. ആദ്യസിനിമ പരാജയമായതിന് പിന്നാലെ അഭിനയത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ഫഹദ് രണ്ടാം വരവില്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് മുന്നേറുകയാണ്. തിരിച്ചുവരവില്‍ മൂന്ന് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും നേടിയ ഫഹദ് ബോക്‌സ് ഓഫീസ് പ്രകടനത്തിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.

ഈ വര്‍ഷം ഫഹദിന്റേതായി റിലീസ് ചെയ്ത ആവേശം വന്‍ വിജയമായി മാറിയിരുന്നു. രംഗന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. ഒ.ടി.ടി റിലീസിന് പിന്നാലെ മറ്റ് ഭാഷകളിലും ആവേശം ചര്‍ച്ചചെയ്യപ്പെട്ടു. ഈ വര്‍ഷം ഒടുവില്‍ റിലീസ് ചെയ്യാനിരിക്കുന്ന തമിഴ് ചിത്രം വേട്ടയനിലും തെലുങ്ക് ചിത്രം പുഷ്പ 2വിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഫഹദ് ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ ഹിറ്റ് സംവിധായകരിലൊരാളായ ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫഹദ് ബോളിവുഡിലും സാന്നിധ്യമറിയിക്കുമെന്നാണ് റൂമറുകള്‍. എന്നാല്‍ ഈ പ്രൊജക്ടിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

ജബ് വീ മെറ്റ്, റോക്ക്‌സ്റ്റാര്‍, ഹൈവേ, തമാശ, അമര്‍ സിങ് ചംകീല എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ഇംതിയാസ് അലി. പ്രേക്ഷകനെ ഇമോഷനലി കണക്ടാക്കാന്‍ കഴിയുന്ന കഥാമികവും സംഗീതത്തിന്റെ മനോഹരമായ ഉപയോഗവും മറ്റ് സംവിധായകരില്‍ നിന്ന് ഇംതിയാസ് അലിയെ വ്യത്യസ്തനാക്കുന്നു.

രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകള്‍ സമ്മാനിച്ച ഇംതിയാസ് അലി ഫഹദുമായി കൈകോര്‍ക്കുമ്പോള്‍ മികച്ച സിനിമാ എക്‌സ്പീരിയന്‍സിനപ്പുറം മറ്റൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. തന്റെ സമകാലീനരെ അപേക്ഷിച്ച് റൊമാന്‍സ് സീനുകള്‍ ചെയ്യുന്നതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഫഹദ് ബോളിവുഡിലും ഇത് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Rumors that Fahadh Faasil will debut in Bollywood film directed by Imtiaz Ali

We use cookies to give you the best possible experience. Learn more